Home ആരോഗ്യം മറക്കരുത്.!! ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം, കേരളത്തില്‍ മറവി രോഗികളുടെ എണ്ണം കൂടി വരുന്നെന്ന് റിപ്പോര്‍ട്ട്

മറക്കരുത്.!! ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം, കേരളത്തില്‍ മറവി രോഗികളുടെ എണ്ണം കൂടി വരുന്നെന്ന് റിപ്പോര്‍ട്ട്

റവി ഒരു അനുഗ്രഹമാണ്. ചിലപ്പോള്‍ ആപത്തും. ഒരു ശാപം തന്നെയാണ് മറവിയെന്നതിന് അല്‍ഷിമേഴ്സ് രോഗത്തിന്റെ ദുരിതം പേറുന്നവരുടെ ജീവിതം സാക്ഷി. സ്വന്തം പേര് തൊട്ട് ജീവിക്കുന്ന ചുറ്റുപാട് വരെ ഇവര്‍ മറന്നു പോകുന്നു. വര്‍ഷങ്ങളുടെ ഓര്‍മകള്‍ നഷ്ടമാകുന്നതിലൂടെ രോഗിയുടെ ജീവിതത്തിന്റെ താളവും തെറ്റും.

അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം എന്ന ഈ രോഗാവസ്ഥ മറവിരോഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ അഞ്ച് കോടി ജനതയെ പിടികൂടിയ മറവിരോഗം മലയാളികളിലും വര്‍ധിച്ചു വരുന്നു എന്ന സങ്കടകരമായ പഠനമാണ് ഈ അല്‍ഷിമേഴ്‌സ് ദിനത്തില്‍ നമ്മളെത്തേടിയെത്തുന്നത്.

അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കേരളത്തില്‍ ഇപ്പോള്‍ രണ്ടു ലക്ഷം രോഗികളുണ്ട്. 2021ല്‍ ഇത് 2.13 ലക്ഷം ആകും. 10 വര്‍ഷം മുമ്പ് ഒന്നര ലക്ഷമായിരുന്നു രോഗികളുടെ കണക്ക്.

പ്രായമായവരുടെ തലച്ചോറിനെ ബാധിച്ച് ഓര്‍മയും സംസാരശേഷിയും തകരാറിലാക്കുന്ന ഈ രോഗാവസ്ഥ ചികിത്സിച്ച്് ഭേദമാക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇപ്പോള്‍ ഏതാണ്ട് 53 ലക്ഷം മറവിരോഗികളുണ്ടെന്നാണ് കണക്ക്. 2010ല്‍ ഇത് 36.9 ലക്ഷമായിരുന്നു. രാജ്യത്ത് വര്‍ഷംതോറും 10.11 ശതമാനം രോഗികള്‍ പെരുകുന്നുവെന്നാണ് കണ്ടെത്തല്‍.

ഒരു മറവിരോഗിക്കുവേണ്ടി പ്രതിവര്‍ഷം ചെലവിടേണ്ടിവരുന്നത് 43,285 രൂപയാണ്. ഓരോ മൂന്ന് സെക്കന്‍ഡിലും ഒരാളെ രോഗം പിടികൂടുന്നു. മരണകാരണമായ രോഗങ്ങളില്‍ മറവിരോഗം ഇന്ത്യയില്‍ ഏഴാം സാനത്താണെന്ന് സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടറായ സെഞ്ജു ജോസഫ് പറയുന്നു.

മറവിരോഗം ഉള്ളവരെ പുനരധിവസിപ്പിക്കുന്ന ഡിമെന്‍ഷ്യ റെസ്‌പൈറ്റ് കെയര്‍ സെന്റര്‍ എന്ന സ്ഥാപനം തൃശ്ശൂര്‍ രാമവര്‍മപുരത്ത് നടത്തുകയാണ് സെഞ്ജു. പ്രായം കൂടുംതോറും മറവിരോഗവും കൂടുന്നു എന്നതാണ് പ്രത്യേകത. കേരളത്തില്‍ വിവിധ പ്രായങ്ങളിലുള്ളവരില്‍ രോഗബാധിതര്‍ വര്‍ഷംതോറും കൂടിക്കൊണ്ടിരിക്കുകയാണ്.