Home അറിവ് കോവിഡ് പശ്ചാത്തലത്തില്‍ യുലിപും ഓണ്‍ലൈനിലേക്ക്; പുതിയ സംവിധാനവുമായി എല്‍ഐസി

കോവിഡ് പശ്ചാത്തലത്തില്‍ യുലിപും ഓണ്‍ലൈനിലേക്ക്; പുതിയ സംവിധാനവുമായി എല്‍ഐസി

കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളും ( യൂലിപ്) ഓണ്‍ലൈനിലേക്ക് മാറ്റാന്‍ പോളിസിയുടമകള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി.

ഇതോടെ എല്‍ഐസിയുടെ പോര്‍ട്ടല്‍ വഴി പോളിസികള്‍ ഓണ്‍ലൈന്‍ ഫണ്ടാക്കി മാറ്റാനുള്ള സംവിധാനമാണ് ഒരുങ്ങിയത്. തുടക്കത്തില്‍ ന്യൂ എന്‍ഡോവ്മെന്റ് പ്ലസ്( പ്ലാന്‍ 935), നിവേഷ് പ്ലസ് ( പ്ലാന്‍ 849), എസ്ഐഐപി( പ്ലാന്‍ 852) എന്നി യൂലിപ് പ്ലാനുകള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇവ ഓണ്‍ലൈന്‍ ഫണ്ടാക്കി മാറ്റുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും എല്‍ഐസി അറിയിച്ചിട്ടുണ്ട്.

ഒടിപി അധിഷ്ഠിത സേവനമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുക. ഒരു ദിവസം ഒരു പോളിസി സ്വിച്ച് ചെയ്യാനുള്ള ഓപ്ഷനാണ് അനുവദിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എല്‍ഐസിയുടെ ബഹുഭാഷ കോള്‍ സെന്ററും തുറന്നിട്ടുണ്ട്. മറാത്തി, തമിഴ്, ബംഗാളി ഭാഷകളിലാണ് സേവനം ലഭിക്കുക. കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ സേവനം നല്‍കാനും പദ്ധതിയുണ്ട്.