Home വാണിജ്യം ഇന്ത്യയിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യവിവരം ചോര്‍ന്നു; ചോര്‍ന്നത് 70 ലക്ഷം ആളുകളുടെ വിവരങ്ങള്‍

ഇന്ത്യയിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യവിവരം ചോര്‍ന്നു; ചോര്‍ന്നത് 70 ലക്ഷം ആളുകളുടെ വിവരങ്ങള്‍

ന്ത്യയിലെ 70 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത്. ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണ് എന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചോര്‍ന്ന വിവരങ്ങളുടെ ശേഖരം 2 ജിബി വരും.

ചോര്‍ന്ന വിശദാംശങ്ങളില്‍ ഉപയോക്താക്കളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, വാര്‍ഷിക വരുമാനം എന്നിവ ഉള്‍പ്പെടുന്നുവെന്ന് സുരക്ഷാ ഗവേഷകന്‍ പറഞ്ഞു.

2010 നും 2019 നും ഇടയില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. പണമിടപാട് ഡേറ്റയായതിനാല്‍ ഹാക്കര്‍മാര്‍ക്കും സ്‌കാമര്‍മാര്‍ക്കും വിലപ്പെട്ടതാണ്. കാരണം ഫിഷിങ്ങിനോ മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കോ വ്യക്തിഗത കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ചോര്‍ന്ന വിശദാംശങ്ങളില്‍ കാര്‍ഡ് നമ്പറുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ ബാങ്കുകളുമായി കരാറുള്ള മൂന്നാം കക്ഷി സേവന ദാതാക്കളില്‍ നിന്നായിരിക്കാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്. അഞ്ച് ലക്ഷത്തോളം കാര്‍ഡ് ഉടമകളുടെ പാന്‍ നമ്പറുകളും ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടും. 70 ലക്ഷം ഉപയോക്താക്കളുടെ ഡേറ്റ യഥാര്‍ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില ഉപയോക്താക്കളുടെ ഡേറ്റ പരിശോധിക്കുകയും വിവരങ്ങള്‍ കൃത്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്.