വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കില്‍ മാറ്റം വരുന്നു. പാദരക്ഷകള്‍ക്ക് ഇനി വില കൂടിയതെന്നോ കുറഞ്ഞതെന്നോ ഭേദമില്ലാതെ 12 ശതമാനം നികുതി നല്‍കണം. ഓണ്‍ലൈന്‍ ഭക്ഷണത്തിന് അഞ്ചു ശതമാനം നികുതി വിതരണം പ്ലാറ്റ്ഫോമുകള്‍ നല്‍കണമെന്ന വ്യവസ്ഥയും നിലവില്‍ വന്നു. ഓണ്‍ലൈന്‍ ടാക്സിക്കും അഞ്ചു ശതമാനം നികുതിയുണ്ട്.
പാദരക്ഷകള്‍ക്ക് നിലവില്‍ ആയിരം രൂപ വരെയുള്ളവര്‍ക്ക് അഞ്ചു ശതമാനമായിരുന്നു നികുതി. അതിനു മുകളില്‍ 12 ശതമാനവും. ഇത് വില നോക്കാതെ തന്നെ 12 ശതമാനം ആക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം ടെക്സ്‌റ്റൈല്‍ നികുതി ഉയര്‍ത്താനും കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന അടിയന്തര ജിഎസ്ടി കൗണ്‍സില്‍ ടെക്സ്‌റ്റൈല്‍ നികുതി വര്‍ധന മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ പാദരക്ഷ നികുതി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും ഇന്നു മുതല്‍ നികുതി വലയ്ക്കു കീഴിലായി. അഞ്ചു ശതമാനം നികുതി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട ഉത്തരവാദിത്തം റസ്റ്ററന്റുകളില്‍നിന്ന് പ്ലാറ്റ്ഫോമുകളിലേക്കു മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇത് ഉപഭോക്താക്കള്‍ നല്‍കേണ്ട വിലയില്‍ മാറ്റമുണ്ടാക്കുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമുകളായ ഊബറും ഒലയും ടൂവീലര്‍, ത്രീ വീലര്‍ സര്‍വീസിന് അഞ്ചു ശതമാനം നികുതി നല്‍കണമെന്ന വ്യവസ്ഥ പ്രാബല്യത്തിലായി.