Home അറിവ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ 95% സുരക്ഷ, ഒരു ഡോസില്‍ 82%; ഐസിഎംആര്‍ പഠനം പുറത്ത്

രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ 95% സുരക്ഷ, ഒരു ഡോസില്‍ 82%; ഐസിഎംആര്‍ പഠനം പുറത്ത്

ണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ കോവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് 95 ശതമാനം വരെ സുരക്ഷിതരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎംആര്‍) പഠനം. ഒറ്റ ഡോസ് വാക്സിന്‍ മാത്രം എടുത്താല്‍ 82 ശതമാനം സുരക്ഷ ലഭിക്കുന്നും പഠനത്തില്‍ പറയുന്നു. പഠന ഫലം ഇന്ത്യന്‍ ജേണല്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ 1,17,524 പൊലീസുകാരിലാണ് പഠനം നടത്തിയത്. ഒറ്റ ഡോസ് വാക്സിന്‍ പോലും കോവിഡ് മരണം തടയാന്‍ പര്യാപ്തമാണെന്ന് പഠനം പറയുന്നു. അതുകൊണ്ടു തന്നെ കോവിഡിനെ പ്രതിരോധിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വാക്സിനേഷനു വേഗം കൂട്ടുകയാണ്. ഏതു തരം വാക്സിന്‍ എന്നതു കണക്കിലെടുക്കേണ്ടതില്ലെന്നും പഠനം നിര്‍ദേശിക്കുന്നു.

പൊലീസുകാരില്‍ വാക്സിന്‍ എടുത്തവരും എടുക്കാത്തവരുമായവരിലെ മരണക്കണക്ക് വിശകലനം ചെയ്താണ് പഠനം നടത്തിയത്. 1,17,524 പൊലീസുകാരാണ് തമിഴ്നാട്ടിലുള്ളത്. ഇതില്‍ ഫെബ്രുവരി ഒന്നു മുതല്‍ മെയ് 14 വരെയുള്ള സമയത്തിനിടെ 32,792 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 67,673 പേര്‍ക്കു രണ്ടു ഡോസ് വാകിസനും കിട്ടി. 17,059 പേരാണ് വാക്സിന്‍ എടുക്കാത്തവര്‍.

ഏപ്രില്‍ 13 മുതല്‍ മെയ് 14 വരെയുള്ള സമയത്ത് 31 പൊലീസുകാരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. ഇതില്‍ നാലു പേര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരാണ്. ഏഴു പേര്‍ ഒറ്റ ഡോസ് വാക്സിന്‍ സ്വീകരിച്ചവരും ശേഷിച്ച ഇരുപതു പേര്‍ വാക്സിന്‍ എടുക്കാത്തവരുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സമാനമായ ഗവേഷണ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു.