Home Uncategorized സാഹസികമായി മാധ്യമപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായ

സാഹസികമായി മാധ്യമപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായ

ളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്നവരാണ് നമ്മളില്‍ പലരും. അവയ്ക്ക് ഒരു ചെറിയ പനി വന്നാല്‍ പോലും പരിഭ്രമിച്ച് ആശുപത്രിയിലേക്കോടുന്നവരെ നമുക്കറിയാം. എന്നാല്‍ ചില സമയങ്ങളില്‍ നമ്മള്‍ കാണിക്കുന്നതിന്റെ ഇരട്ടി ആത്മാര്‍ത്ഥത അവ തിരിച്ച് കാണിക്കും. അത് ചിലപ്പോള്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിയിട്ടായിരിക്കും ചെയ്യുന്നത്.

അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ രജനി വാര്യര്‍. രജനിയുടെ വീടിനകത്ത് കയറിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ച് കുടഞ്ഞായിരുന്നു അപ്പു എന്ന് വിളിക്കുന്ന നായയുടെ രക്ഷാപ്രവര്‍ത്തനം.

വീടിന് പുറത്ത് വെച്ചിരുന്ന ചാക്കിനടിയില്‍ ഇരിപ്പുറപ്പിച്ച മൂര്‍ഖന്‍ പാമ്പിനെ അപ്പു തന്നെയായിരുന്നു ആദ്യം കണ്ടത്. അപ്പോള്‍ തന്നെ ചാക്ക് മറിച്ചിട്ട് സാഹസം കാണിക്കാനൊരുങ്ങിയ നായയെ രജനി പിടിച്ച് മാറ്റി. എന്നാല്‍ കഥ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. പിന്നീട് എങ്ങനെയോ അടുക്കളയിലേക്ക് കയറുകയായിരുന്നു പാമ്പ്.

പാമ്പ് അടുക്കളയിലേക്ക് കയറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടുമില്ല. പിന്നീടാണ് അപ്പുവെന്ന ഹീറോയുടെ യഥാര്‍ത്ഥ സ്‌നേഹം പുറത്തുവന്നത്. അടുക്കളയില്‍ പാമ്പ് ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിച്ച് വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അപ്പു പാമ്പിനെ വകവരുത്തി.

പാമ്പിന്റെ കടിയേറ്റ് പരിക്കുപറ്റിയ അപ്പുവിന് കൃത്യസമയത്ത് മരുന്ന് നല്‍കാനായതില്‍ അവനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് രജനി ആരോ ന്യൂസിനോട് പറഞ്ഞു അപ്പുവിന്റെ ജീവന്‍ രക്ഷിക്കാന്‍ അത്യാവശ്യഘട്ടത്തില്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ് ഈ കുടുംബം.

അപ്പുവിനെക്കുറിച്ച് രജനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

ആക്സിഡന്റില്‍ കൈക്ക് പരിക്കുമായി വീട്ടില്‍ കിടന്ന സമയത്ത്, അടുക്കളയില്‍ കയറിയ എലിയെ തുരത്താന്‍ അപ്പു എന്റെ സഹായി ആയതും, എലിയെ കടിച്ച് കൊന്ന അപ്പു, പിന്നീട് 5 ദിവസം എലിപ്പനി വന്ന് കിടപ്പായതും ഒക്കെ നേരത്തെ ഞാന്‍ ഇവിടെ കുറിച്ചിരുന്നു… ഇന്നലെ പക്ഷെ സംഗതി അല്പം കടന്നു പോയി.. ഉച്ചക്ക് ശേഷം പുറത്ത് നിന്ന് അയല്പക്കവുമായി സംസാരിക്കുമ്പോള്‍, അപ്പു അവിടെ വച്ചിരിക്കുന്ന ചാക്കിനു സമീപം ചെന്ന് നിര്‍ത്താതെ കുരക്കുന്നു.. ‘കുരയാണ് സാറേ മെയിന്‍ ‘ എന്ന ഒരു പോളിസി ആയോണ്ട് ഞാന്‍ കാര്യമാക്കിയില്ല… പക്ഷെ, എത്ര വഴക്ക് പറഞ്ഞിട്ടും കുര നിര്‍ത്താത്തത് കണ്ടപ്പോള്‍, എനിക്കൊരു സംശയം.. ഞാന്‍ അടുത്തേക്ക് ചെന്നു.. പക്ഷെ, ഞാന്‍ അങ്ങോട്ട് വരുന്നു എന്ന് കണ്ട അവന്‍, ആ ചാക്കില്‍ മൂക്ക് കൊണ്ട് തള്ളി അത് മറിച്ചിട്ടു.. ഞെട്ടിപ്പോയി ഞാന്‍… ചീറ്റിക്കൊണ്ടു പത്തി വിടര്‍ത്തി ഒരു മൂര്‍ഖന്‍ കുഞ്ഞ്… അതിന്റെ കടിയേറ്റാല്‍, അപ്പുവിന്റെ ജീവന് ആപത്തെന്ന് അറിയാവുന്ന കൊണ്ട്, നായയെ പിടിച്ചു മാറ്റാന്‍ ഞാന്‍ പിടിപ്പതു നോക്കി.. പക്ഷെ ഞാന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ അപ്പു പാമ്പിനെ കടിക്കാനാണ് നോക്കുന്നത്.. വല്ല വിധേനയും അവന്റെ കഴുത്തിലെ ചെയിനില്‍ പിടി കിട്ടിയപ്പോള്‍, ഞാന്‍ അവനെ പിടിച്ചു വലിച്ചു, വീടിനകത്താക്കി വാതിലടച്ചു.. പാമ്പ് ഇഴഞ്ഞുപോയിട്ട് തുറന്ന് വിടാം എന്ന് വിചാരിച്ചു.. സമീപത്തു കുളം ഉള്ളത്‌കൊണ്ട്, അനക്കമൊന്നും കേള്‍ക്കാതിരുന്നാല്‍, പോകും എന്ന് വിചാരിച്ചു.. പക്ഷെ അത് പത്തി വിടര്‍ത്തി ഒരേ നില്പായിരുന്നു. അകത്താണെങ്കില്‍, അപ്പു പാഞ്ഞു നടക്കുന്നു.. മുകള്‍ നിലയിലേക്കും ബാല്‍ക്കണിയിലേക്കും ഒക്കെ മാറി മാറി ഓടി അവന് വെപ്രാളം… എങ്ങിനെയെങ്കിലും പുറത്ത് ചാടണം… ഞാനും അടുത്ത വീട്ടിലുള്ള എല്ലാവരും നോക്കി നിന്നു.. ഇടക്ക് ഒരു വടി കൊണ്ട് പാമ്പിനെ, അവിടെ നിന്ന് മാറ്റാന്‍ ഞാന്‍ ശ്രമിച്ചു.. പക്ഷെ, വടിയില്‍ ആഞ്ഞുകൊത്തിയതല്ലാതെ, പാമ്പ് പോയില്ല… ഇടക്ക് ഞങ്ങള്‍ ഒന്ന് സംസാരിച്ചു ശ്രദ്ധ മാറിയതും, പാമ്പിനെ കാണാനില്ല.. ഞാന്‍ വീടിനു ചുറ്റും നടന്ന് നോക്കി.. കണ്ടില്ല.. ഇനി അടുക്കളയില്‍ എങ്ങാനും കയറിയിട്ടുണ്ടാകുമോ ? എയ്, അതിനുള്ള പഴുത് വാതിലിന് ഇല്ല.. എന്നാലും ഞാന്‍ തമാശക്ക് അയല്‍വീട്ടുകാരോട് പറഞ്ഞു..മിക്കവാറും അത് അടുക്കളയില്‍ കാണും എന്ന്… പിന്നെ അല്പം കഴിഞ്ഞ്, വീടിന്റെ വാതില്‍ തുറന്നു ഞാന്‍.. അക്ഷമനായി കാത്ത് നിന്ന അപ്പു, ഇറങ്ങി വെപ്രാളത്തോടെ വീടിന് ചുറ്റും ഓടി നടന്നു… ഞാന്‍ അകത്തു കയറിയപ്പോള്‍ കൂടെ അകത്തേക്ക് (വിളിച്ചാല്‍ അല്ലാതെ അകത്തു കയറില്ല, അങ്ങിനെയാ ശീലിപ്പിച്ചിരിക്കുന്നത് ), പതിവ് തെറ്റിച്ചു ബെഡ്റൂമിലേക്കും അടുക്കളയിലേക്കും ഒക്കെ എന്റെ ഒപ്പം അപ്പു…അടുക്കളയില്‍ എത്തിയപ്പോള്‍ അപ്പുവിന്റെ ഭാവം മാറി, മൂക്കുകൊണ്ടു ശബ്ദമുണ്ടാക്കി മണം പിടിച്ച് അവന്‍ അവിടെ വച്ചിരിക്കുന്ന ബക്കറ്റിനു അടുത്ത് എത്തിയപ്പോള്‍, പാമ്പ് ചീറ്റുന്നു… പിന്നെ ഒരു പൊരിഞ്ഞ പോരാട്ടം ആയിരുന്നു അടുക്കളയില്‍..
അവനെ പിടിച്ച് മാറ്റാനുള്ള ഒരു സ്‌പേസ് എനിക്കും കിട്ടിയില്ല.. എന്റെ മകന്‍, വഴക്ക് പറഞ്ഞ് പിന്മാറ്റാന്‍ നോക്കി.. പക്ഷെ അപ്പു വിട്ടില്ല.. പാമ്പിനെ കടിച്ച് അതിന് ഇഴയാന്‍ പറ്റാത്ത അവസ്ഥയില്‍ ആക്കി..ഇതിനിടയില്‍, അപ്പുവിന്റെ വായില്‍ നിന്ന് പത വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.. അവനും കടിയേറ്റിരിക്കുന്നു…
ഉടന്‍ എങ്ങിനെയോ അപ്പുവിനെ പിടിച്ചു മാറ്റി ഞാന്‍ കൂട്ടിലാക്കി..ഇഴയാന്‍ കഴിയാത്ത അവസ്ഥയില്‍ ആയ പാമ്പിനെ, ഞാന്‍ വടി കൊണ്ട് കുളത്തിലേക്ക് ആക്കി.. അപ്പോഴും അത് പത്തി വിടര്‍ത്തി വടിയില്‍ കൊത്തുന്നുണ്ടായിരുന്നു..
കൂട്ടില്‍ നിന്നു തുറന്നു വിട്ട അപ്പുവിന്, പ്രത്യേകിച്ച് കുഴപ്പമൊന്നും കണ്ടില്ല…
വായില്‍ നിന്ന് പത വന്നതൊക്കെ നിന്നു.. പക്ഷെ ചോറ് കഴിച്ചില്ല..വെള്ളം മാത്രം വല്ലാതെ കുടിച്ചു കൊണ്ടിരുന്നു (പൊതുവേ വെള്ളം കുടി കുറവാണു അവന് ).. ഡോക്ടറോട് ചോദിക്കാം എന്ന് വിചാരിച്ചു വിളിച്ചു,അദ്ദേഹം എടുത്തില്ല.. ഒരു 5 മണി ആയപ്പോള്‍, അപ്പുറത്തെ അമ്മ പറഞ്ഞിട്ട് ഞാന്‍ അവനെ ഒന്ന് കുളിപ്പിച്ചു..കുളി കഴിഞ്ഞപ്പോള്‍, എപ്പോഴത്തെയും പോലെ ഓട്ടവും ബഹളവും ഒക്കെ ഉണ്ടായിരുന്നു….
പക്ഷെ, രാത്രി ആവാറായപ്പോള്‍, എനിക്കൊപ്പം അടിവച്ച് എന്നപോലെ അവന്‍ നടന്നു.. അകത്തേക്കും പുറത്തേക്കും..(ഇതൊന്നും പതിവില്ല )..ഉച്ചയിലെ ഓര്‍മ്മയാകും എന്ന് കരുതി.. ഹരി, അപ്പു സ്ഥിരമായി കിടക്കുന്ന കസേര അകത്തു ഇട്ട് അവനെ അകത്തു ഇരുത്തി…
ഞാന്‍ അവനെ സൂക്ഷിച്ചു നോക്കിയപ്പോള്‍, അവന്റെ ശ്വസോച്ഛാസത്തിനു ഒരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു.ചുണ്ടിനു സൈഡില്‍ ഒരു തടിപ്പും. .അവനെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ വൈകിട്ട് മുതല്‍ തന്നെ ഞാന്‍ വിളിച്ചു കൊണ്ടിരുന്നിരുന്നു.. രാത്രി ആണ്, ലീവില്‍ ആണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മെസ്സേജ് കിട്ടിയത്.. ശ്വാസം കഴിക്കുന്നതിലെ വ്യതിയാനം ശ്രദ്ധയില്‍പെട്ടതോടെ
ഗൂഗിള്‍ ല്‍ സെര്‍ച്ച് ചെയ്തു, വേറെ ഒരു ഡോക്ടറെ വിളിച്ചു.. ലക്ഷണം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, കടി കിട്ടിയിട്ടുണ്ട് എന്നുറപ്പാണ്, ഒരു അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ ആന്റിവെനോം എടുത്തില്ലെങ്കില്‍ അപകടം ആണ് എന്ന് … പിന്നെ നടന്നത് ഓര്‍ക്കാന്‍ വയ്യ.. ഞാനും ഹരിയും കൂടി മാറി മാറി പലരെയും വിളിച്ചു ഡോക്ടര്‍മാരുടെ നമ്പര്‍ തപ്പുന്നു. പല ഡോക്ടര്‍മാരും സ്ഥലത്തില്ല,അല്ലെങ്കില്‍ അവധി….
ഒടുവില്‍ ഹരിയുടെ ഒരു സുഹൃത്ത് തന്ന നമ്പറില്‍ അട്ടക്കുളങ്ങരയിലെ Pets Clinic ലെ ഡോക്ടറെ കിട്ടി.. ആന്റി വെനോം വാങ്ങിക്കൊണ്ടു ചെല്ലണം… pmg യിലെ മെഡിക്കല്‍ ഷോപ്പിലെ അത് കിട്ടൂ.. മെഡിക്കല്‍ ഷോപ്പ് അടച്ചിരിക്കുന്നു..പിന്നെ അവിടത്തെ ഒരു ജീവനക്കാരി ലോ കോളേജിനടുത്തു റോഡില്‍ മരുന്നുമായി കാത്ത് നിന്നു…അതും വാങ്ങി ഒരു പറക്കലായിരുന്നു അട്ടക്കുളങ്ങരയിലേക്ക്…
കാര്‍ ഡ്രൈവിങ്ങില്‍ ഒട്ടും expert അല്ലാത്ത ഞാന്‍ എങ്ങിനെയാണ് അങ്ങിനെ പോയത് എന്നൊന്നും അറിയില്ല…ക്ലിനിക്കില്‍ എത്തി,ഇന്‍ജെക്ഷന്‍ കൊടുത്ത്, ഡ്രിപ് ഇട്ട് അവനെയും കൊണ്ട് തിരിച്ചെത്തുമ്പോള്‍ മണി 10.30 കഴിഞ്ഞിരുന്നു ..
എന്നിട്ടും രാത്രിയിലെ അവന്റെ ശാരീരിക അസ്വസ്ഥതകള്‍ എന്നെ ആശങ്കപെടുത്തിയിരുന്നു.. പക്ഷെ ഇപ്പൊ അപ്പു All right…ക്ഷീണം ഉണ്ടു നല്ല പോലെ. എന്നാലും…
അത്യാവശ്യ ഘട്ടത്തില്‍ സഹായിച്ച എല്ലാവരോടും നന്ദി.. പ്രത്യേകിച്ച് വഴിയരികില്‍ മരുന്നുമായി കാത്ത് നിന്ന പേരറിയാത്ത ആ സഹോദരിയോട്.. അപ്പുവിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞ ഒരു വാചകം, ഇപ്പോഴും ഞെട്ടിക്കുന്നു…’മൂര്‍ഖന്റെ കുഞ്ഞ് ആയതോണ്ട് അകത്തു ചെന്ന വിഷത്തിന്റെ quantity കുറവാണ്, അല്ലെങ്കില്‍ ഇതിന് മുന്‍പേ….. ‘

അവന്‍ ഇല്ലായിരുന്നു എങ്കില്‍, അടുക്കളയില്‍ പാമ്പ് കയറി എന്ന് ഞാന്‍ ഒരിക്കലും അറിയില്ലായിരുന്നു… അതോര്‍ക്കുമ്പോള്‍, എന്റെ അപ്പു, നീ എന്നെ….. ??????