Home അറിവ് കൂടുന്ന മുങ്ങിമരണങ്ങൾ: അറിയാം ചില കാര്യങ്ങൾ.

കൂടുന്ന മുങ്ങിമരണങ്ങൾ: അറിയാം ചില കാര്യങ്ങൾ.

അസ്വാഭാവിക മരണങ്ങളിൽ പ്രധാനമായ ഒന്നാണ് മുങ്ങിമരണങ്ങൾ. ധാരാളം പേരാണ് ഓരോ വർഷവും മുങ്ങിമരണങ്ങൾക്കിരയാവുന്നത്.
ജലത്തിൽ മുങ്ങുമ്പോൾ ശ്വാസോച്ഛ്വാസം തടസപ്പെടുന്നു.നീന്തൽ അറിയില്ലാത്തവരും നീന്താൻ സാധിക്കാത്തവരും സഹായത്തിനായി നിലവിളിക്കുകയും കൂടുതൽ ആയാസപ്പെടുകയും ചെയ്യുന്നു. ഇതിനാൽ ശ്വാസം വലിക്കുമ്പോൾ വായുവിനോടൊപ്പം ജലവും ശ്വാസനാളിയിലും ശാസകോശത്തിലുമെത്തുന്നു. ഈ പ്രക്രിയ പല തവണ ആവർത്തിക്കുന്നു; ശരീരഭാരം കൂടുന്നതിനോടൊപ്പം ആ വ്യക്തി മുങ്ങുകയും ചെയ്യുന്നു. ജലത്തിന്റെ സാന്ദ്രതയുടെ വ്യത്യാസം മൂലം മരണം സംഭവിക്കുന്ന സമയത്തിൽ ഏറ്റക്കുറച്ചിലുണ്ടാകാറുണ്ട്.
ശുദ്ധജലത്തിൽ മരണം സംഭവിക്കാൻ 4 മുതൽ 5 മിനിറ്റ് വരെയും കടലിൽ 8 മുതൽ 12 മിനിറ്റ് വരെയും സമയം എടുക്കും.
മുങ്ങി മരിക്കുന്നതിന് മുൻപ് വീഴ്ചയിൽ ഏറ്റ ആഘാതം മൂലവും മരണങ്ങൾ ഉണ്ടാവാറുണ്ട്.
വെള്ളത്തിൽ മുങ്ങിയ ഒരാൾ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്. ജീവനുണ്ടെങ്കിലും ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ താത്ക്കാലികമായി നിലച്ച് ബോധമില്ലാത്ത അവസ്ഥയിലെത്തുന്നതാണിത്. ജീവൻ നഷ്ടപ്പെട്ട അവസ്ഥയാണെന്നേ തോന്നുകയുള്ളൂ. ഈ അവസ്ഥയിൽ നിന്നും ജീവനോടെ തിരിച്ചെത്തുക സാധ്യമാണ്.
ഉദരഭാഗത്ത് ശക്തമായി അമർത്തി കുടിച്ച വെള്ളം കളയാൻ ശ്രമിക്കുന്നത് ഗുണകരമല്ല എന്നുമാത്രമല്ല ചിലപ്പോൾ ദോഷകരവുമാകാം. കാരണം അങ്ങിനെ ചെയ്യുമ്പോൾ ആമാശയത്തിലെ ആഹാര പദാർത്ഥങ്ങൾ ശ്വാസനാളിയിൽ എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അതൊഴിവാക്കുക.
വായിലും മൂക്കിലും മറ്റും എന്തെങ്കിലും തടസങ്ങളുണ്ടെങ്കിൽ മാറ്റുക. തല അൽപം ചെരിച്ചുകിടത്തുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക.ഒട്ടും വൈകാതെ വൈദ്യസഹായം നൽകുക.