Home നാട്ടുവാർത്ത സജി മോഹൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മേധാവിയായിരുന്നെങ്കിൽ എന്താകുമായിരുന്നു!!!

സജി മോഹൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മേധാവിയായിരുന്നെങ്കിൽ എന്താകുമായിരുന്നു!!!

ഹരികടത്തു കേസിൽ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സജി മോഹന് 15 വർഷം തടവ് വിധിച്ച വാർത്ത ഞെട്ടിക്കുന്നതായിരുന്നു. 12 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹെറോയിനുമായി 2009ൽ പിടിയിലായ കേസിലാണു വിധി.
ചണ്ഡിഗഡിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മേഖലാ ഡയറക്ടറായിരിക്കെ പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ 50 ശതമാനത്തോളം സജി മോഹൻ ലഹരിസംഘങ്ങൾക്കു മറിച്ചുവിറ്റെന്നാണു കേസ്.

മുംബൈയിലെ അന്ധേരി ഓഷിവാര ക്ലാസിക് ക്ലബിൽ ഹെറോയിൻ വിൽപനയ്ക്കു ശ്രമിക്കവേ ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റ്, 2 ആഴ്ച പിന്നിട്ടപ്പോഴായിരുന്നു അറസ്റ്റ്.

പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയായ സജി, ജമ്മു-കശ്‌മീർ കേഡറിലെ 1995 ബാച്ച് ഉദ്യോഗസ്‌ഥനാണ്. സമാനമായ മറ്റൊരു കേസിൽ 2013ൽ ഛണ്ഡിഗഡ് കോടതി 26 വർഷം തടവിന് ശിക്ഷിച്ച സജി മോഹൻ, നിലവിൽ ഛണ്ഡിഗഡ് ജയിലിലാണ്. പാകിസ്ഥാന്‍ അതിർത്തി വഴി എത്തിച്ച നിരോധിത മയക്കു മരുന്നുകൾ മുബൈ നഗരത്തിലും സമീപ നഗരങ്ങളിലും ഇടനിലക്കാരിലേക്ക് സജിമോഹൻ എത്തിച്ചെന്ന് മുംബൈ എൻഡിപിഎസ് കോടതി കണ്ടെത്തിയിരുന്നു.

കേസിൽ സജിമോഹന്‍റെ കൂട്ടാളിയും ഡ്രൈവറുമായ ഹരിയാന പൊലീസ് കോൺസ്റ്റബിൾ രാജേഷ് കുമാറിന് പത്തു വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. മറ്റൊരു പ്രതിയായ മുംബൈ സ്വദേശിയായ വിക്കി ഒബ്റോയിയെ കോടതി വെറുതെ വിട്ടിരുന്നു.
നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചണ്ഡീഗറിലെ സോണല്‍ ഡയറക്ടറായിരുന്ന സജി മോഹന്‍ ചണ്ഡീഗറില്‍ നിന്നാണ് ഹെറോയിന്‍ കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഡെപ്യൂട്ടി ഡയറക്ടറായി കേരളത്തിൽ തുടർന്നിരുന്നെങ്കിൽ എന്താകുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരിലെ ഇത്തരം പുഴുക്കുത്തുകൾ നിയമത്തിന്റെ പിടിയിൽ വരിക തന്നെ വേണം.