Home ആരോഗ്യം ആർത്തവത്തിന് മുൻപ് മാനസികസമ്മർദ്ദം നേരിടാറുണ്ടോ? ഇത് ചെറിയ പ്രശ്നമല്ലെന്ന് ​ഗവേഷകർ

ആർത്തവത്തിന് മുൻപ് മാനസികസമ്മർദ്ദം നേരിടാറുണ്ടോ? ഇത് ചെറിയ പ്രശ്നമല്ലെന്ന് ​ഗവേഷകർ

ആർത്തവം പലർക്കും ഒരു വലിയ പ്രശ്നം തന്നെയാണ്. ശാരീരിക പ്രശ്നങ്ങൾ പോലെത്തന്നെ മാനസിക പ്രശ്നങ്ങളും സ്ത്രീകളെ അലട്ടാറുണ്ട്. ഹോർമോണിൽ ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ നിമിത്തമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അഥവാ പിഎംഎസ് എന്നാണ് നമ്മള്‍ പറയാറ്.

ഇന്ന് മിക്കവാറും സ്ത്രീകളിലും പിഎംസിന്റെ അംശങ്ങള്‍ കണ്ടുവരാറുണ്ട്. മോശം ജീവിതരീതി, വര്‍ധിച്ച മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും പിഎംഎസിന് കാരണമാകുന്നത്. എന്നാല്‍ പിഎംഎസ് അല്‍പം കൂടി ഗുരുതരമാകുന്ന ഒരു സാഹചര്യം കൂടിയുണ്ട്. പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) എന്നാണ് ഈ അവസ്ഥയുടെ പേര്.

മിക്കവരും ഈ പേര് പോലും കേട്ടുകാണാന്‍ സാധ്യതയില്ല. കടുത്ത ‘മൂഡ്’ മാറ്റങ്ങളും, തീവ്രമായ മാനസികാവസ്ഥയുമെല്ലാമാണ് ഈ അവസ്ഥയില്‍ സ്ത്രീകള്‍ നേരിടുന്നത്. വളരെ പെട്ടെന്ന് മൂഡ് വ്യത്യാസം സംഭവിക്കുക, കടുത്ത ക്ഷീണം, വിശപ്പില്‍ അസാധാരണമായ വ്യത്യാസങ്ങള്‍, തലവേദന, സന്ധിവേദന, പേശിവേദന, ഉത്കണ്ഠ, ആശങ്ക, അസ്വസ്ഥത, നെഞ്ചെരിച്ചില്‍ ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

പിഎംഎഎസിനെപ്പോലെ തന്നെ ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് തുടങ്ങി, ബ്ലീഡിംഗ് ആരംഭിച്ച് ഒന്നോ രണ്ടോ ദിവസം വരേക്ക് നീണ്ടുനില്‍ക്കാവുന്നതാണ് പിഎംഡിഡിയുടെ പ്രശ്നങ്ങളും. ആര്‍ത്തവകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളോടുള്ള ശരീരത്തിന്റെ അസാധാരണമായ പ്രതികരണമായാണ് വിദഗ്ധര്‍ പിഎംഡിഡിയെ കണക്കാക്കുന്നത്.

സന്തോഷം, ഉറക്കം എന്നിങ്ങനെയുള്ള ഘടകങ്ങളെ നിയന്ത്രിക്കുന്ന ‘സെറട്ടോണിന്‍’ എന്ന ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന ഗണ്യമായ കുറവാണ് ഇത്രയും തീവ്രമായ മാനസികാവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നത്. പലപ്പോഴും സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള പരിഗണന ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കാറില്ല.

തങ്ങള്‍ കടന്നുപോകുന്ന പ്രതിസന്ധികളെ ചുറ്റമുള്ളവര്‍ നിസാരമായി കണക്കാക്കുമ്പോള്‍ അത് സ്ത്രീകളെ കൂടുതല്‍ പിരിമുറുക്കത്തിലാക്കും. ചിലപ്പേൾ ആത്മഹത്യാപ്രവണത വരെ ഈ ഘട്ടത്തില്‍ സംഭവിച്ചേക്കാമെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.