മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ് 6 നിയമം 2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ നടപ്പിലാക്കുമ്പോള്‍ ഈ നിലവാരത്തിലുള്ള വാഹനങ്ങള്‍ മാത്രമേ പിന്നെ വില്‍ക്കാനാവൂ. ഈ പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇനിയുള്ള മാസങ്ങളില്‍ വാഹനവിലയില്‍ വന്‍ വിലക്കിഴിവിന് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വാഹനവിപണിയില്‍ ഇത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും വരുന്ന മാസങ്ങളില്‍ ഇത് കനത്ത വിലക്കിഴിവിനു വഴിവയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ തീരുമാനത്തിന്റെ പ്രത്യാഘാതം കാത്തിരുന്ന് കാണണം. ഈ തീരുമാനത്തിന്റെ ഫലമായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ഒഴിവാക്കാന്‍ ഒരു പക്ഷേ വിശ്വസിക്കാനാവാത്ത ആദായ വില്‍പ്പന പ്രതീക്ഷിക്കാം.
പല നിര്‍മാതാക്കളുടെ പക്കലും ബി എസ് നാല് നിലവാരമുള്ള സ്റ്റോക്ക് വന്‍തോതില്‍ കെട്ടിക്കിടക്കാനും സാധ്യതയുണ്ടെന്നും 2020 ഏപ്രിലിനു മുമ്പേ ഇവ വിറ്റഴിക്കാനുള്ള തീവ്രശ്രമം വമ്പന്‍ വിലക്കിഴിവിനു വഴി വച്ചേക്കുമെന്നുമാണ് കണക്കുകൂട്ടല്‍. ഈ വിലക്കിഴിവ് നിര്‍മാതാക്കള്‍ക്കാകെ ഹാനികരമാകുമെങ്കിലും ആഭ്യന്തര വാഹന വിപണി കൂടുതല്‍ മത്സരക്ഷമമാക്കാന്‍ ഇത് സഹായിക്കും.

എന്താണ് ബി എസ്?
2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളവയായിരിക്കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി വാഹനനിര്‍മ്മാതാക്കല്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനം.
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.
ബിഎസ് 4 ഇന്ധനവും ബിഎസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സള്‍ഫറിന്റെ അംശമാണ്. ബിഎസ് 4 ഇന്ധനത്തില്‍ 50പിപിഎം സര്‍ഫര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ബിഎസ്6 അത് 10 പിപിഎം മാത്രമായി ഒതുങ്ങുന്നു. ബിഎസ് 6 ന്റെ വരവോടു കൂടി പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് പകുതിയില്‍ അധികം കുറയും. ബിഎസ് 6 നിരവാരത്തില്‍ ഒരു വാഹനം നിര്‍മിക്കുക എന്നാല്‍ അതിന്റെ ആദ്യ ഘട്ടം മുതല്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷയ്ക്കും അടക്കം ബിഎസ് 6 നിലവാരത്തിലെത്തിക്കണം.