Home നാട്ടുവാർത്ത ബൈക്ക് യാത്രയും, വയനാട്ടിലെ കടുവയും. വാസ്തവമെന്ത്?

ബൈക്ക് യാത്രയും, വയനാട്ടിലെ കടുവയും. വാസ്തവമെന്ത്?

വനത്തിന് സമീപത്തുള്ള വിജനമായ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ പകര്‍ത്തിയ ദൃശ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പില്‍ പ്രചരിക്കുകയാണ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി- പുല്‍പ്പള്ളി പാതയിലാണ് സംഭവമെന്നും ഇരുചക്രവാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നുമുള്ള തലക്കെട്ടോടെ പ്രചരിച്ച വീഡിയോ കണ്ട് വയനാട്ടുകാര്‍ മാത്രമല്ല, യാത്രാപ്രേമികളൊന്നാകെ ഞെട്ടിയിരിക്കുകയാണ്. റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ട ബൈക്ക് യാത്രികര്‍ ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്ക് രക്ഷപ്പെട്ട വീഡിയോ അനേകരാണ് കുറച്ച് ദിവസങ്ങള്‍ കൊണ്ട് പങ്കുവെച്ചത്. പതറാതെ വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് യാത്രികരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇതുവരേയും സംഭവം നടന്നതെവിടെയാണെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല. വയനാട്ടില്‍ തന്നെയാണോ എന്ന കാര്യം അവ്യക്തമാണ്. സോഷ്യല്‍ മീഡിയകളിലൂടെ പതിവായി വ്യാജ വാർത്തകളും വീഡിയോകളും പ്രചരിക്കുന്നത് കൊണ്ട് ഈ വീഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടില്ല. സംഭവം നടന്നത് വയനാട്ടിലെന്ന പ്രചാരണത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബൈക്ക് യാത്രികര്‍ മലയാളം സംസാരിക്കുന്നത് കൊണ്ട് സംഭവം കേരളത്തിലാകാമെന്നാണ് സൂചന.