Home അറിവ് എന്താണ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ അഥവാ ജിപിആർ ?

എന്താണ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ അഥവാ ജിപിആർ ?

വളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണതായവർക്കായി തിരച്ചിൽ നടത്താൻ ജിപിആർ സംവിധാനം ഉപയോഗിച്ചതായി നമ്മൾ ഏവരും കേട്ടതാണ്. കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ അടിഞ്ഞു കൂടിയ ചെളിയും മൺതട്ടുകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ജെസിബിയും ഹിറ്റാച്ചികളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിന് ശേഷവും കുറേപ്പേരെ കണ്ടെത്താനാവാതെ വന്നതോടെയാണ് ജിപിആർ എന്ന ആധുനിക സംവിധാനം ഉപയോഗപ്പെടുത്തിയത്. എന്താണ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ അഥവാ ജിപിആർ ?
റഡാർ പൾസുകൾ ഉപയോഗപ്പെടുത്തി ഭൗമാന്തർഭാഗത്തെ ചിത്രങ്ങളെടുക്കുന്ന അതിനൂതന സംവിധാനമാണ് ജിപിആർ. അൾട്രാ ഹൈഫ്രീക്വൻസി-വെരി ഹൈ ഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഭൗമോപരിതലത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ഈ സിഗ്‌നലുകള്‍ ഭൗമാന്തര്‍ഭാഗത്തുള്ള വസ്തുക്കളില്‍ തട്ടി തിരിച്ചുവരുമ്പോള്‍ വളരെ സെന്‍സിറ്റീവ് ആയ സെന്‍സറുകള്‍ ഉപയോഗിച്ച് ഇവയെ പിടിച്ചെടുക്കുന്നു. ഈ സിഗ്‌നലുകള്‍ ഡിജിറ്റല്‍ പ്രോസസിംഗ് നടത്തി കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രൊഫൈല്‍ ചിത്രങ്ങളായി വരച്ചെടുക്കുന്നു. ഈ ചിത്രങ്ങള്‍ അപഗ്രഥിച്ചാല്‍ മണ്ണിനടിയിലുളള വസ്തുക്കളുടെ രൂപം മനസിലാക്കാന്‍ സാധിക്കും. ജിപിആര്‍ ട്രാന്‍സ്മിറ്റര്‍ വഴി 10 മെഗാഹെട്സ് മുതല്‍ 2.6ജിഗാഹെട്സ് വരെയുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മണ്ണിനടിയിലേക്ക് പ്രവഹിപ്പിക്കുന്നു. അതിന്റെ സഞ്ചാരപഥത്തില്‍ പെര്‍മിറ്റിവിറ്റി വ്യത്യാസമുള്ള ഒരു വസ്തു വന്നാല്‍ തരംഗങ്ങളുടെ ഊര്‍ജത്തിന്റെ ഒരു ഭാഗം പ്രതിഫലിപ്പിക്കപ്പെടും. കുറച്ചു ഭാഗത്തിന് ദിശാവ്യതിയാനവുമുണ്ടാകും. പ്രതിഫലിപ്പിക്കപ്പെടുന്ന തംരഗങ്ങളെ ഉപരിതലത്തില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ച് പിടിച്ചെടുത്താണ് പഠനം നടത്തുന്നത്.