Home അറിവ് ലോൺ ആപ്പുകൾ ‘ആപ്പാകുമ്പോൾ ‘

ലോൺ ആപ്പുകൾ ‘ആപ്പാകുമ്പോൾ ‘

ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങുന്നയാളുടെ മൊബൈലിലുളള സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കാജനകമാണ്.ലോണിനായുളള നടപടിക്രമങ്ങള്‍ ഒന്നോ രണ്ടോ മൊബൈല്‍ ടച്ചില്‍ തീരും. ഓണ്‍ലൈനായി പണം പലിശ കഴിച്ച്‌ ഉടന്‍ അക്കൗണ്ടിലെത്തും. പക്ഷേ, അടച്ച പണം കിട്ടിയില്ലെന്ന് പറഞ്ഞ് കടക്കാരന്റെ മൊബൈലിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്നചിത്രമാക്കി പ്രചരിപ്പിക്കുമ്പോൾ കുറ്റവാളികളെ പിടികൂടാനാകാതെ നിസഹായരാവുകയാണ് പൊലീസ്.

മൊബൈല്‍ ഫോണിലെ കോണ്‍ടാക്‌ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കി അതിലുള്ള സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികള്‍ കഴിഞ്ഞദിവസം തൃശൂരിലുമുണ്ടായി.

തന്റെ ഫോട്ടോ നഗ്നശരീരത്തോട് ചേര്‍ത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി ഒരു യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ലോണ്‍ആപ്പ് കമ്പനിക്കാർ പരാതിക്കാരിയായ യുവതിയുടെ ഓഫീസിലെ യുവാവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോ ഉപയോഗിച്ചാണ് ഈ കൃത്യം ചെയ്തതെന്ന് കണ്ടെത്തിയത്. ഉത്തരേന്ത്യയിലും മറ്റുമുള്ള ഭിക്ഷാടകരുടെയും നിര്‍ദ്ധനരായ കര്‍ഷകരുടെയും പേരില്‍ മൊബൈല്‍ സിമ്മും ബാങ്ക് അക്കൗണ്ടും ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനാല്‍ ഏത് അന്വേഷണ ഏജന്‍സി ശ്രമിച്ചാലും പ്രതികളെ കണ്ടെത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

യുവാവിന്റെ മൊബൈലില്‍ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പ് വഴി രണ്ട് പ്രാവശ്യം പതിനായിരം രൂപയാണ് വായ്പ എടുത്തത്. ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാല്‍ പണം ലഭിച്ചില്ലെന്നും, വീണ്ടും തുക അടയ്ക്കണമെന്നും പറഞ്ഞ് ഭീഷണിയായി. തെളിവ് സഹിതം പറഞ്ഞിട്ടും ആപ്പുകാര്‍ അത് പരിഗണിച്ചില്ല. നമ്പര്‍ ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റ് നമ്പറുകളില്‍ നിന്നും വിളിച്ച്‌ ഭീഷണിപ്പെടുത്തി.

ഓഫീസിലെ ചടങ്ങില്‍ സഹപ്രവര്‍ത്തകരോടൊപ്പം എടുത്ത ഫോട്ടോയില്‍ പരാതിക്കാരിയായ യുവതിയുമുണ്ടായിരുന്നു. വാട്‌സ് ആപ്പില്‍ പ്രൊഫൈലായി യുവതി ഇത് ഉപയോഗിച്ചു. ഈ ഫോട്ടോ ഉപയോഗിച്ചാണ് കമ്ബനിക്കാര്‍, നിരപരാധിയായ യുവതിയുടെ ഫോട്ടോ നഗ്‌നചിത്രമാക്കി യുവാവിന്റെ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവരിലേക്ക് പ്രചരിപ്പിച്ചത്. പൊലീസ് ഇക്കാര്യം അറിയിച്ചപ്പോള്‍ യുവാവും അന്തംവിട്ടു. പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്.

ലോണ്‍ ആപ്പ് സന്ദേശത്തില്‍അപകടം മണത്തു

യുവാവിന്റെ മൊബൈല്‍ ഫോണിലേക്ക് ലോണ്‍ ആപ്പ് കമ്പനിക്കാര്‍ അയച്ചു നല്‍കിയ ഇംഗ്ലീഷിലുള്ള സന്ദേശമാണ് പൊലീസിന്റെ അന്വേഷണം വഴിത്തിരിവിലെത്തിച്ചത്. ‘ ലോണ്‍ തുക അടച്ചു തീര്‍ന്നിട്ടില്ല. നിശ്ചിത ദിവസത്തിനകം അടച്ചു തീരാതിരുന്നാല്‍ ഇക്കാര്യം കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും അറിയിക്കും, നിങ്ങളെ അപമാനിതനാക്കും’ എന്നായിരുന്നു സന്ദേശം. തുടര്‍ന്നാണ് ആപ്പുകാരുടെ പുതിയ തട്ടിപ്പ് കണ്ടെത്തിയത്.

ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം ഫോണില്‍ നിന്നും കോണ്‍ടാക്‌ട്‌സ്, ഗാലറി എന്നിവ ഇവര്‍ കൈക്കലാക്കുന്നുണ്ട്. സെല്‍ഫി ഫോട്ടോ, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ആവശ്യപ്പെടും. ലോണ്‍ എടുക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് വലിയൊരു തുക കിഴിച്ച ശേഷം മാത്രമാകും. ലോണ്‍ തിരിച്ചടച്ചാലും, ആപ്പില്‍ വരവു വയ്ക്കാതെ തുക മുടങ്ങിയെന്നപേരില്‍ പണവും പലിശയും ആവശ്യപ്പെട്ടാണ് തട്ടിപ്പ് തുടങ്ങുന്നത്. വ്യാജ ഐ.ഡികളില്‍ നിന്നും വാട്‌സ് ആപ്പ് നമ്പറുകളില്‍ നിന്നുമായിരിക്കും സന്ദേശം അയക്കുന്നത്. ഇരയാകുന്നവര്‍ നാണക്കേടോര്‍ത്ത് പരാതി പറയില്ല. ഈ രീതി കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ കാരണമാകുന്നതായി സെെബര്‍ പൊലീസ് പറയുന്നു.