Home വാണിജ്യം ബർ​ഗറും വ്യായാമവും ഒന്നിച്ച്; ഗ്രീൻ ചാർജിങ് ബൈക്കുമായി മക്‌ഡൊണാൾഡ്

ബർ​ഗറും വ്യായാമവും ഒന്നിച്ച്; ഗ്രീൻ ചാർജിങ് ബൈക്കുമായി മക്‌ഡൊണാൾഡ്

ബർഗർ തിന്നുമ്പോൾ തന്നെ വ്യായാമം ചെയ്ത് ആരോഗ്യം സംരക്ഷിക്കാനും ഊർജം ഉത്പാദിപ്പിക്കാനും അവസരം നൽകുന്ന ഗ്രീൻ ചാർജിങ് ബൈക്കുമായി മക്‌ഡൊണാൾഡ്. ചൈനയിൽ രണ്ടു സ്ഥലങ്ങളിലാണ് മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിനകത്ത് തന്നെ വ്യായാമം ചെയ്യാൻ ഗ്രീൻ ചാർജിങ് ബൈക്ക് ഇരിപ്പിടം സ്ഥാപിച്ചിട്ടുള്ളത്. ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ജിയാങ് വാൻഡാ റസ്റ്റാറൻറിൽ സെപ്തംബർ 2021ൽ ഈ സൗകര്യം സ്ഥാപിച്ചിരുന്നു.

ഇപ്പോൾ ഷിങ്ഹായിലെ ന്യൂ ഹൂലിയാൻ റസ്റ്റാറൻറിലും ബൈക്ക് ഇരിപ്പിടം സ്ഥാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെത്തുന്ന ഉപഭോക്താക്കൾക്ക് ഗ്രീൻ ചാർജിങ് ബൈക്കിലിരുന്ന് ഭക്ഷണം കഴിക്കുന്നതോടൊപ്പം വ്യായമവും ചെയ്യാം. വ്യായാമം ചെയ്യുന്നത് വഴി മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ പര്യാപ്തമായ വൈദ്യുതി ഉത്പാദിപ്പിക്കാനുമാകും.

ഈയടുത്ത് ഗ്രീൻ ചാർജിങ് ബൈക്കിലിരുന്ന് ബർഗർ കഴിക്കുകയും ഒപ്പം വ്യായാമം ചെയ്യുകയും ചെയ്യുന്ന യുവതിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ചൈനയുടെ ‘അപ്‌സൈക്കിൾ ഫോർ ഗുഡ് പ്രാജക്ടി’ന്റെ ഭാഗമായാണ് മക്‌ഡൊണാൾഡ് പദ്ധതി നടപ്പാക്കുന്നത്. പുനരുത്പാദിപ്പിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ച് വസ്തുക്കൾ നിർമിക്കുന്നത് ഈ സംരഭത്തിന്റെ ലക്ഷ്യമാണ്.

രണ്ടു ഔട്ട്‌ലെറ്റുകളിൽ ബൈക്ക് സ്ഥാപിച്ച മക്‌ഡൊണാൾഡ് ഉപഭോക്താക്കളുടെ അഭിപ്രായം തേടി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.