Home പ്രവാസം സൗദിയിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയ മലയാളികളുടെ ഇഖാമയും റീഎന്‍ട്രി വിസയും സൗജന്യമായി പുതുക്കും

സൗദിയിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയ മലയാളികളുടെ ഇഖാമയും റീഎന്‍ട്രി വിസയും സൗജന്യമായി പുതുക്കും

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണം നിരവധി പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. ഇതില്‍ സൗദി അറേബ്യയിലേക്ക് പോകേണ്ടവര്‍ക്ക് ആശ്വാസവാര്‍ത്ത. മടങ്ങാന്‍ സാധിക്കാത്ത പ്രവാസികളുടെ റീ എന്‍ട്രി വിസയും ഇഖാമയും സൗജന്യമായി പുതുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയിരിക്കുകയാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ട്. നിലവില്‍ സൗദി പ്രവേശന വിലക്ക് കല്‍പ്പിച്ചിട്ടില്ലാത്ത മറ്റ് രാജ്യങ്ങളില്‍ പോയി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാനാവുന്നത്.

ഈ വരുന്ന ജൂണ്‍ രണ്ട് വരെ കാലാവധിയുള്ള ഇഖാമ, റീഎന്‍ട്രി വിസകളാണ് പുതുക്കുക. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം വിസിറ്റിങ് വിസയും പുതുക്കി കൊടുക്കും. സൗദി നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററിന്റെ സഹായത്തോടെ സൗദി പാസ്‌പോര്‍ട്ട് ഡയറക്‌റേറ്റ് ആണ് നടപടികള്‍ സ്വീകരിക്കുക