Home വാണിജ്യം വായ്പയെടുത്ത തുകയ്ക്ക് നികുതി; സംശയങ്ങള്‍ അകറ്റാം

വായ്പയെടുത്ത തുകയ്ക്ക് നികുതി; സംശയങ്ങള്‍ അകറ്റാം

സ്വര്‍ണപ്പണയ വായ്പ വഴിയും വ്യക്തിഗത വായ്പ വഴിയുമെല്ലാം അക്കൗണ്ടില്‍ വന്ന തുക വരുമാനമായി കണക്കാക്കി നികുതി കൊടുക്കണോ എന്ന പലപ്പോഴുമുണ്ടാകുന്ന സംശയമാണ്. അതുപോലെ ചിട്ടി വിളിച്ചതോ നറുക്കു കിട്ടിയതോ ആയ തുക അക്കൗണ്ടില്‍ വന്നാല്‍ അതും വരുമാനത്തില്‍പെടുത്തി നികുതി കൊടുക്കേണ്ടതുണ്ടോ എന്ന സംശയവും ഉയര്‍ന്ന് വരാറുണ്ട്.

എന്നാല്‍, വായ്പ തുകകള്‍ വരുമാനമായി കണക്കാക്കാനാകില്ല. ഭാവിയില്‍ തിരികെ നല്‍കേണ്ട ബാധ്യതയാണ്. അതുകൊണ്ട്, ഈ തുകകള്‍ക്കുമേല്‍ നികുതി ബാധ്യത ഇല്ല. അതുപോലെ ചിട്ടി വിളിച്ചതോ നറുക്ക് കിട്ടുന്നതോ ആയി അക്കൗണ്ടില്‍ വരുന്ന തുകകളും വരുമാനമായി കണക്കാക്കാനാകില്ല. വായ്പയായി എടുക്കുന്ന തുക പോലെ തന്നെയാണ് ചിട്ടി വിളിച്ചു കിട്ടുന്ന തുകയെയും കണക്കാക്കേണ്ടത്.

നിശ്ചിത ഗഡുക്കളില്‍ നിന്ന് വിളിക്കുറവ് കഴിഞ്ഞുള്ള തുക ചിട്ടി വട്ടമെത്തുന്നതു വരെ തിരിച്ച് അടയ്ക്കുവാനുള്ള ബാധ്യത ചിട്ടി ചേരുന്നവര്‍ക്ക് ഉണ്ട്. അതുകൊണ്ട് ചിട്ടി വിളിച്ചതോ നറുക്ക് കിട്ടിയതോ ആയ തുകമേല്‍ നികുതിബാധ്യത ഇല്ല.

എന്നാല്‍ ചിട്ടി വട്ടമെത്തിക്കഴിയുമ്പോള്‍ വിളിക്കുറവുകള്‍ കഴിഞ്ഞു മൊത്തം ചിട്ടി ഗഡുക്കളായി അതുവരെ അടച്ച തുകയും ചിട്ടി വിളിച്ചോ നറുക്കു കിട്ടിയോ കൈപ്പറ്റിയ തുകയും തമ്മിലുള്ള വ്യത്യാസം ലാഭമോ നഷ്ടമോ ആയി കണക്കാക്കി ലാഭമാണെങ്കില്‍ ആ ലാഭം നികുതിബാധ്യത കണക്കാക്കാനായി മൊത്ത വരുമാനത്തിന്റെ കൂടെ ഉള്‍പ്പെടുത്തണം.