Home ആരോഗ്യം വിളര്‍ച്ചയുണ്ടോ?; ഭക്ഷണത്തില്‍ അല്‍പം കരുതലാകാം, ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം

വിളര്‍ച്ചയുണ്ടോ?; ഭക്ഷണത്തില്‍ അല്‍പം കരുതലാകാം, ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയില്‍ നിന്ന് വളരെയധികം കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. പല കാരണങ്ങള്‍ കൊണ്ടും ഇത് ഉണ്ടാകാം. ക്ഷീണമാണ് പ്രധാന ലക്ഷണം. ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തളര്‍ച്ച, തലക്കറക്കം തുടങ്ങിയവയൊക്ക അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്.

അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. എങ്കിലും കൂടുതല്‍ കാണുന്നത് കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലുമാണ്. ഇരുമ്പിന്റെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളര്‍ച്ച ഒഴിവാക്കാനുള്ള ഏക മാര്‍ഗം. വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളമടങ്ങിയ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്.

പയറുവര്‍ഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും ഏറെ നല്ലതാണ്.

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയവയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.

ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു.

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.