Home ആരോഗ്യം കോവിഡ് ലാംഡ കൂടുതല്‍ അപകടകാരി; ശ്രദ്ധ വേണമെന്ന് വിദഗ്ധര്‍

കോവിഡ് ലാംഡ കൂടുതല്‍ അപകടകാരി; ശ്രദ്ധ വേണമെന്ന് വിദഗ്ധര്‍

കോവിഡ് ലാംഡ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്ന് മലേഷ്യ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ 30തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ലാംഡ വൈറസ് സാനിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കുള്ള പെറുവിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് ബാക്കി സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

ലാംഡ അതീവ വ്യാപനശേഷിയുള്ളതും ആന്റീബോഡിക്കെതിരെ കൂടുതല്‍ ചെറുത്തുനില്‍പ്പ് പ്രകടിപ്പിക്കുന്നതുമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതേസമയം ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു.

മെയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളുടെയും സാംപിളുകള്‍ ലാംഡയുടേതാണെന്നാണ് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (പിഎഎച്ച്ഒ) റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍ 30നകം എട്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംഡ റിപ്പോര്‍ട്ട് ചെയ്തതായി പിഎഎച്ച്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയിലും ലാംഡ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ആറ് ലാംഡ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.