വിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് തയാറാക്കിയ ഇന്ത്യ യു.എ.ഇ കരാറിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം.ഇതു സംബന്ധിച്ച് യു.എ.ഇ സര്‍ക്കാറും ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും തമ്മില്‍ തയാറാക്കിയ ധാരണപത്രത്തില്‍ ഒപ്പുവെക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കരാര്‍.
ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും യു.എ.ഇയില്‍ തുടര്‍ പഠനവും ജോലിയും ഉള്‍പ്പെടെ ഏറെ ഗുണം ചെയ്യുന്ന കരാറാണിത്. ഇന്ത്യയിലെ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യു.എ.ഇയില്‍ അംഗീകാരം ലഭിക്കുന്നതുള്‍പ്പെടെ ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ യാഥാര്‍ഥ്യമാകും.വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് 2015ല്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, 2018ല്‍ ഇതിന്റെ കാലാവധി അവസാനിച്ചു. 2019ല്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പുതിയ കരാര്‍ ഒപ്പുവെക്കാന്‍ യു.എ.ഇ നിര്‍ദേശിച്ചിരുന്നു.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങളും പുതിയ ധാരണപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവര വിദ്യാഭ്യാസ കൈമാറ്റം, സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, അധ്യാപകരുടെ നൈപുണ്യം വര്‍ധിപ്പിക്കല്‍, സംയുക്ത ഡിഗ്രി പ്രോഗ്രാം, ഇരട്ട ഡിഗ്രി പ്രോഗ്രാം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാദമിക് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുകയും ചെയ്യും.
ഇന്ത്യക്കാര്‍ ഏറെയുള്ള യു.എ.ഇയില്‍ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ഏറെ ഗുണം ചെയ്യും.അഞ്ച് വര്‍ഷമാണ് കരാര്‍ കാലാവധി. എന്നാല്‍, ഇരുരാജ്യങ്ങള്‍ക്കും സമ്മതമാണെങ്കില്‍ പുതുക്കുകയും ചെയ്യാം. ഈ കരാര്‍ ഒപ്പുവെക്കുന്നതോടെ 2015ലെ കരാര്‍ പൂര്‍ണമായും അസാധുവാകും.