വൈറൽപ്പനിയും ചുമയും സംസ്ഥാനത്ത് വ്യാപകമാകുന്നു. പനിയും ചുമയും ക്ഷീണവുമാണ് മിക്കവരെയും അലട്ടുന്നത്. പനിമാറിയാലും ക്ഷീണംമാറുന്നില്ല. ചുമ മാറാതെ രണ്ടുമുതൽ നാലാഴ്ചകൾവരെ നീണ്ടുനിൽക്കും.ആസ്ത്മ പോലുള്ള ശ്വാസകോശപ്രശ്നങ്ങൾ ഉള്ളവരിൽ ജലദോഷപ്പനി ഉണ്ടായാൽ ചുമയും കഫക്കെട്ടും നീണ്ടുനിൽക്കാറുണ്ട്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവരിലും പനി മാറിയാലും ചുമ നീണ്ടുനിൽക്കുകയാണ്.
ഇൻഫ്ലുവൻസ വൈറസിനു പുറമേ റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ്, അഡിനോ വൈറസ് പോലുള്ള പലതരം വൈറസുകളും പനിക്ക് കാരണമാവുന്നു. ഇതിൽ പലതും ശ്വാസനാളികളുടെ നീർക്കെട്ടിന് കാരണമാവുമ്പോൾ വിട്ടുമാറാത്ത ചുമയ്ക്ക് വഴിവെക്കാം. ഇതുമൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ് എന്നിവയാണ് വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാകുന്നത്. എക്സ്റേ, രക്തപരിശോധന എന്നിവയിലൊന്നും കുഴപ്പം കാണണമെന്നില്ലെന്നും ഡോക്ടർമാർ പറയുന്നു.
കാലാവസ്ഥയിലെ മാറ്റമാണ് ഇപ്പോഴത്തെ പനിയുടെ പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നത്. പകൽ നല്ല ചൂടുള്ള ദിവസം രാത്രി മഴപെയ്യുന്നതും പുലർച്ചെ തണുപ്പുണ്ടാകുന്നതും ജലദോഷമുണ്ടാകാനുള്ള സാധ്യത കൂട്ടും.കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ മുഖാവരണം ഒട്ടുമിക്കവരും പാടേ ഉപേക്ഷിച്ചു. ഇതും രോഗം വ്യാപിക്കാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
സ്വയം ചികിത്സ ഒഴിവാക്കണം.
സെക്കൻഡറി ബാക്ടീരിയൽ അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ തുടക്കത്തിലേ ചികിത്സ തേടണം. ആവികൊള്ളുന്നത് നല്ലതാണ്.കോവിഡ് വന്നവരിൽ ചുമ നീണ്ടുനിൽക്കുന്നതായി കാണുന്നുണ്ട്. ചുമ, നീർക്കെട്ട്, കഫക്കെട്ട് എന്നിവ ഇവരിൽ കൂടുതലായി വരുന്നുണ്ടോയെന്ന് പഠനവിഷയമാക്കണം.
കോവിഡിനുശേഷം ആളുകളുടെ ആരോഗ്യസ്ഥിതിയിൽ വ്യത്യാസമുണ്ട്.ശ്വാസകോശത്തിൽ ഘടനാപരമായ മാറ്റത്തിന് കോവിഡ് വഴിവെക്കാം. അതിനാൽ ഇങ്ങനെയുള്ളവരിലാണോ ചുമ മാറാതെ നിൽക്കുന്നതെന്നതിനെക്കുറിച്ച് പഠനം ആവശ്യമാണ്.