സ്വകാര്യ മെഡിക്കൽ ലാബിൽ നടത്തിയ രക്തപരിശോധനയിൽ നാലരവയസ്സുകാരന് എച്ച്.ഐ.വി. വീട്ടുകാർ ആകെ തകർന്നു. ഒരു കുടുംബം മൊത്തം വേദനയുടെ കയത്തിലാണ്ടു. എങ്കിലും മറ്റൊരു ലാബിൽക്കൂടി പരിശോധന നടത്താൻ അവർ തീരുമാനിച്ചു. ഈ പരിശോധനയിൽ എച്ച്ഐവി ഇല്ലെന്ന് തെളിഞ്ഞു. തെറ്റായ റിപ്പോർട്ട്. ലാബിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെ സംഭവം നാടറിഞ്ഞു.
കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശിക്കാണ് ഈ ദുരനുഭവമുണ്ടായത്. മകനുമായി ചാവക്കാട് കോഴിക്കുളങ്ങരയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ ക്ലിനിക്കിലാണ് ഇയാളെത്തിയത്. ക്ലിനിക്കിനു സമീപത്തെ മഹാലക്ഷ്മി കംപ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിൽ കുട്ടിയുടെ ആർ.ബി.എസ്., എച്ച്.ഐ.വി. എന്നിവയുടെ പരിശോധനയ്ക്ക് ഡോക്ടർ നിർദേശിച്ചു. പെട്ടെന്ന് ഫലം കിട്ടുമെന്നു പറഞ്ഞാണ് ഡോക്ടർ ഈ ലാബിലേക്ക് തങ്ങളെ പറഞ്ഞയച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. എച്ച്.ഐ.വി. ബാധയുടെ നേരിയ സൂചനകളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ലാബിൽനിന്ന് നൽകിയത്. പരിശോധനാഫലം കണ്ട ഡോക്ടറും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോടു വെളിപ്പെടുത്തി.
തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും പരിശോധന നടത്തി. എന്നാൽ, രണ്ടിടത്തും എച്ച്.ഐ.വി. നെഗറ്റീവ് എന്നാണ് റിപ്പോർട്ട് കിട്ടിയത്. ഇതേത്തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ കോഴിക്കുളങ്ങരയിലെ മഹാലക്ഷ്‌മി ലാബിലെത്തി ലാബ് ഉടമയോടു വിവരം പറഞ്ഞു. എന്നാൽ, തങ്ങളുടെ ലാബിൽ നടത്തിയ പരിശോധനാഫലത്തിൽ തെറ്റില്ലെന്ന നിലപാടാണ് ഉടമ സ്വീകരിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ പിതാവിനോടും ബന്ധുക്കളോടും മോശമായി സംസാരിച്ചെന്നും പരാതിയുണ്ട്. അർബുദമില്ലാത്ത വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസറിന് കീമോ ചെയ്തത് അടുത്തിടെയാണ്.
ആലപ്പുഴ കുടശ്ശനാട് ചിറയ്ക്കുകിഴക്കേക്കര വീട്ടിൽ പീതാംബരന്റെ മകൾ വി. രജനിക്കാണ് ഇല്ലാത്ത അർബുദത്തിന്റെ പേരിൽ ചികിത്സയും കീമോയും നടത്തിയത്. സർക്കാർ ലാബിലെ റിപ്പോർട്ട് വൈകുമെന്നതുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ സ്വകാര്യ ലാബിന്റെ റിപ്പോർട്ട് വിശ്വസിച്ച് ചികിത്സ നടത്തിയതാണ് കുഴപ്പങ്ങൾക്കിടയാക്കിയത്.
മാറിടത്തിലെ മുഴ അർബുദമാണെന്നായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഡയനോവ ലാബ് നൽകിയ പരിശോധനഫലം. യുവതിയായതിനാൽ ഈ റിപ്പോർട്ട് കിട്ടി ഉടൻ ഡോക്ടർമാർ രജനിക്ക് കീമോ തെറാപ്പി നടത്തി. എന്നാൽ, കോട്ടയം മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം ആർ.സി.സി.യിലെയും പരിശോധനയിൽ അർബുദമില്ലെന്ന് കണ്ടെത്തുകയായിരുന്നു.സ്വകാര്യ ലാബുകളുടെ നിവലാരമില്ലായ്മയിലേക്കും അനാസ്ഥകളിലേക്കുമാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് കൂണുകൾ പോലെയാണ് സ്വകാര്യ ലാബുകള്‍ ഉയര്‍ന്നു വരുന്നത്. ഇവയില്‍ നല്ലൊരു ഭാഗവും ആരോഗ്യ വകുപ്പിന്റെ അനുമതിയോ രജിസ്‌ട്രേഷനോ ഇല്ലാത്തവയാണ്.
ഉള്ളവയില്‍ തന്നെ ശരിയായ രോഗ നിര്‍ണയത്തിന് ആവശ്യമായ സംവിധാനങ്ങളോ, ജീവനക്കാര്‍ക്കു മതിയായ യോഗ്യതകളോ ഇല്ല. ഇത്തരം ലാബുകള്‍ തെറ്റായ റിസല്‍ട്ടുകള്‍ നല്‍കി രോഗികളെ വലച്ച സംഭവങ്ങള്‍ നിരവധിയാണ്.
ഷുഗര്‍, കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ വിവിധ ലാബുകളില്‍ ഒരേ സമയത്ത് നടത്തിയാല്‍ വ്യത്യസ്ത അളവുകളാണ് ലഭിക്കുന്നത്. അവ തമ്മില്‍ ഭീമമായ അന്തരവും കണ്ടേക്കും. ഇത്തരത്തിലുള്ള പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്ന് നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം തുടങ്ങി സ്വകാര്യ ലാബുകളെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും അധികൃതരുടെ കണ്ണു വെട്ടിച്ചും ചിലപ്പോള്‍ അധികൃതരുടെ ഒത്താശയോടെയും പലതും നിരുത്തരവാദപരമായും കാര്യക്ഷമതയില്ലാതെയുമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പരിശോധനാ ഫലങ്ങളില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിക്കുകയും അത് സമൂഹത്തില്‍ വ്യാപക ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കുകയും ചെയ്യുമ്പോള്‍ അധികൃതര്‍ നിയമ നടപടികളുമായി രംഗത്തു വരുമെങ്കിലും പ്രതിഷേധം തണുക്കുന്നതോടെ പിന്നെയും പഴയ അവസ്ഥയിലേക്കു തന്നെ തിരിച്ചു പോകുന്നു. ഇത്തരം ലാബുകള്‍ സ്ഥിരമായി നിരീക്ഷിച്ചു വീഴ്ചകള്‍ കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനുള്ള സംവിധാനം ആവശ്യമാണ്.
പലയിടത്തും ഡോക്ടർമാരും ലാബുകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്.