Home ആരോഗ്യം കുടിക്കാൻ കൊള്ളുമോ കുടിവെള്ളം?

കുടിക്കാൻ കൊള്ളുമോ കുടിവെള്ളം?

കുടിവെള്ള വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. വിതരണത്തിനുപയോഗിക്കുന്ന ഉറവിടത്തിലെ വെള്ളം ആറ് മാസത്തിലൊരിക്കല്‍ ലാബില്‍ പരിശോധിക്കണം. ലൈസന്‍സ് ഇല്ലാതെ ജലവിതരണം പാടില്ല. വാഹനത്തില്‍ ലൈസന്‍സും, ലാബ് റിപ്പോര്‍ട്ടും സൂക്ഷിക്കണം.
പുഴ, തോട്, കുളം, ചിറകള്‍ എന്നിവിടങ്ങളില്‍ നിന്ന് ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ശുദ്ധജല സ്രോതസ്സുകളല്ലെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പരാതികളുണ്ട്. ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളത്തില്‍ വിസര്‍ജ്യങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ബാക്ടീരിയകള്‍ ഉണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
കുടിവെള്ളത്തില്‍ ടൈഫോയ്ഡും മഞ്ഞപ്പിത്തവും ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ- കോളി ബാക്ടീരിയകളുടെ സാന്നിധ്യമുള്ളതായും പരിശോധനകളില്‍ തെളിഞ്ഞിരുന്നു. വീടുകളിലും ഹോട്ടലുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിൽ തുടർച്ചയായ പരിശോധന അനിവാര്യമാണ്. വെള്ളത്തില്‍ ഇ- കോളിക്കു പുറമെ, സാല്‍മൊണെല്ല ബാക്ടീരിയയുടെയും സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ ബാക്ടീരിയകളുടെ സാന്നിധ്യമുള്ള വെള്ളം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ ബാധിക്കാന്‍ സാധ്യതയേറെയാണ്.