Home അറിവ് ഇ- റേഷന്‍ കാര്‍ഡുകള്‍ തയാറായി; ഇനി സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാം

ഇ- റേഷന്‍ കാര്‍ഡുകള്‍ തയാറായി; ഇനി സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാം

സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. മന്ത്രി പി തിലോത്തമനാണ് ഇ റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്ക് ഇനി മറ്റ് ഫോര്‍മാലിറ്റികള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരില്ല.

പ്രിന്റെടുത്ത് ഇ ആധാര്‍ മാതൃകയില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ഇ റേഷന്‍ കാര്‍ഡ് തയാറാക്കിയിരിക്കുന്നത്. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷ താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ പിഡിഎഫ് രൂപത്തിലുള്ള ഇ റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും.

പിഡിഎഫായി ലഭിക്കുന്ന ഇ റേഷന്‍ കാര്‍ഡ് തുറക്കാനുള്ള പാസ്വേഡ്, റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറില്‍ എസ്എംഎസ് അയക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് (എന്‍ഐസി) ഇ റേഷന്‍ കാര്‍ഡിന് സാങ്കേതിക സൗകര്യം ഒരുക്കിയത്.

റേഷന്‍ കാര്‍ഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസണ്‍ ലോഗിനിലൂടെയോ http://civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഫീസും അടയ്ക്കാം.