Home അറിവ് പാചക വാതകവും ‘തത്കാല്‍’ ആകുന്നു; ബുക്ക് ചെയ്ത് മുക്കാല്‍ മണിക്കൂറിനുള്ളില്‍ സിലന്‍ഡര്‍ വീട്ടിലെത്തും

പാചക വാതകവും ‘തത്കാല്‍’ ആകുന്നു; ബുക്ക് ചെയ്ത് മുക്കാല്‍ മണിക്കൂറിനുള്ളില്‍ സിലന്‍ഡര്‍ വീട്ടിലെത്തും

നി പാചക വാതകവും തത്കാലായി ബുക്ക് ചെയ്യാം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പാചക വാതക ബുക്കിങിന് തത്കാല്‍ സേവാ സൗകര്യം ഒരുക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരമടക്കം രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഈ സൗകര്യം നടപ്പാക്കും.

ബുക്ക് ചെയ്ത് ഏകദേശം മുക്കാല്‍ മണിക്കൂറിനുള്ളില്‍ പാചക വാതക സിലിന്‍ഡറുകള്‍ വീട്ടിലെത്തിക്കുന്നതാണ് ഈ പദ്ധതി. ഒരു സിലിന്‍ഡര്‍ മാത്രമുള്ള ഉപയോക്താക്കള്‍ക്കാകും തത്കാല്‍ ബുക്കിങ് അനുവദിക്കുക. ഇത് ഒറ്റ സിലണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വളരെയേറെ ഗുണം ചെയ്യും.

ഗ്യാസ് സിലിണ്ടറിന്റെ ‘തത്കാല്‍’ ബുക്കിംഗിനായി ഉപയോക്താക്കള്‍ 25 രൂപ അധികമായി നല്‍കേണ്ടതായി വരും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മണിക്ക് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ ഗ്യാസ് സിലിണ്ടര്‍ മുക്കാല്‍ മണിക്കൂറിനുള്ളില്‍ അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അവകാശപ്പെടുന്നത്.

തത്കാല്‍ വഴിയുള്ള ഗ്യാസ് ബുക്കിംഗിനായി ആപ്പ് ആരംഭിക്കാനും ഐഒസി അധികൃതര്‍ തയ്യാറെടുക്കുന്നുണ്ട്. ബുക്കിംഗ് രസീത് ഹാജരാക്കാതെ തന്നെ പാചക വാതകം ഓണ്‍ലൈന്‍ ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും ഐഒസി വ്യക്തമാക്കിയിട്ടുണ്ട്. സിലിണ്ടറിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളും ഉപയോക്താക്കള്‍ക്ക് നല്‍കും.