Home വിദ്യഭ്യാസം എന്‍ട്രന്‍സ്: ടെന്‍ഷനില്ലാതെ പഠിക്കാം.

എന്‍ട്രന്‍സ്: ടെന്‍ഷനില്ലാതെ പഠിക്കാം.

ആവർത്തിച്ച് പഠിക്കുക എന്നതിനാണ് ആദ്യം പ്രധാന്യം നൽകേണ്ടത്. പാഠഭാഗങ്ങളിലെ ആശയങ്ങൾ ഉൾക്കൊണ്ടും തത്വങ്ങൾ മനസിലാക്കിയും പഠിക്കാൻ ശ്രദ്ധിക്കുക. കണക്കിൽ ക്രിയ ചെയ്ത് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോദ്യങ്ങളായിരിക്കും അധികവും. തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും. ഫിസിക്സിലെ ചോദ്യങ്ങളും ഏകദേശം ഇതേ രീതിയിലായിരിക്കും.
കെമിസ്ട്രിയിലും തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും അധികവും. അതിനാൽ ആശയങ്ങളും തത്വങ്ങളും ആഴത്തിൽ മനസിലാക്കി പഠിക്കുന്നത് ഗുണം ചെയ്യും. ബയോളജിയിൽ വിവരങ്ങളും ചിത്രങ്ങളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും കൂടുതൽ ഉണ്ടായിരിക്കുക. ബോട്ടണിക്കും സുവോളജിക്കും തുല്യപ്രാധാന്യം നൽകി പഠിക്കുക.


മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പഠിക്കാൻ ശ്രമിക്കണം. അതുവഴി, വേഗത്തിൽ ഉത്തരങ്ങൾ കണ്ടെത്താനുള്ള പരിശീലനം ലഭിക്കുന്നു. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ എത്ര റാങ്കിനുള്ളിൽ വരണമെന്ന് മനസിലാക്കി അതിന് അനുസരിച്ച് പഠനസമയം ക്രമീകരിക്കുക. ഏതു വിഷയത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്, ഏതിന് കൂടുതൽ സമയം നൽകണം എന്നൊക്കെ നിശ്ചയിച്ച് അതുപ്രകാരം ടൈം ടേബിൾ തയ്യാറാക്കുക. മുൻകൂട്ടി നിശ്ചയിച്ചതിന് അനുസരിച്ച് പഠനം മുന്നോട്ട് പോകുമ്പോൾ, പഠിച്ചു തീരാത്തതുമായി ബന്ധപ്പെട്ട ടെൻഷൻ നിങ്ങളെ ബാധിക്കില്ല. സമ്മർദങ്ങളില്ലാത്ത ശാന്തമായ മനസ്, നിങ്ങളുടെ പഠനം കൂടുതൽ കാര്യക്ഷമമാക്കും.
പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ടെൻഷൻ ഒഴിവാക്കാൻ നിങ്ങളുടെ ചിന്തകളെയും പോസിറ്റീവാക്കുക. പരീക്ഷയും റിസൽറ്റുമായി ബന്ധപ്പെട്ട നെഗറ്റീവ് ചിന്തകളെ പാടേ അകറ്റി നിർത്തുക. എൻട്രസ് പരീക്ഷയിൽ നല്ല സ്കോർ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും, ഇത്രയും പണം മുടക്കി പഠിച്ചിട്ടും അഡ്മിഷൻ കിട്ടിയില്ലെങ്കിൽ നാണക്കേടല്ലേ എന്ന മട്ടിലുള്ള ചിന്തകൾ ഉള്ളിലേക്കു വന്നാൽ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യുക. കാരണം, അവ നിങ്ങളുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കും. അത് പഠനത്തെ ദോഷകരമായി ബാധിക്കും.
നെഗറ്റീവ് ചിന്തകളെ ബ്ലോക്ക് ചെയ്താൽ മാത്രം പോര, പകരം പോസിറ്റിവ് ചിന്തകൾ കൊണ്ട് മനസ് നിറയ്ക്കുകയും വേണം. ശുഭചിന്തകളെ മാത്രം മനസിലേക്കു ക്ഷണിക്കുക.