Home വാണിജ്യം ടിവിയും കമ്പ്യൂട്ടറും സൗജന്യം. പിടിച്ചടക്കുമോ ജിയോ ഫൈബർ?

ടിവിയും കമ്പ്യൂട്ടറും സൗജന്യം. പിടിച്ചടക്കുമോ ജിയോ ഫൈബർ?

റിലയൻസ് ജിയോ ഗിഗാഫൈബർ സേവനമാരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ സെപ്റ്റംബർ അഞ്ച് മുതൽ ജിയോ ഫൈബർ വാണിജ്യാടിസ്ഥാനത്തിൽ സേവനം ആരംഭിക്കും.
രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ എന്നീ ജില്ലകളിലാണ് പ്രാരംഭഘട്ടത്തിൽ ജിയോ ഫൈബർ സേവനം ആരംഭിക്കുക.
സെക്കന്റിൽ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചെലവില്ലാതെ ലാന്റ് ലൈൻ സേവനം, അൾട്രാ എച്ച്ഡി വിനോദം, വിർച്വൽ റിയാലിറ്റി ഉള്ളടക്കങ്ങൾ, മൾടി പാർട്ടി വീഡിയോ കോൺഫറൻസിങ്, ശബ്ദനിയന്ത്രിതമായ വിർച്വൽ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാർട് ഹോം സേവനങ്ങൾ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാൻഡ് സേവനത്തിലൂടെ ലഭ്യമാവും.
ജിയോ ഫൈബർ വഴി ടെലിവിഷൻ സേവനങ്ങളും ലഭ്യമാവും. ഹാത്ത് വേ, ഡെൻ പോലുള്ള മുൻനിര കേബിൾ ഓപ്പറേറ്റർ സേവനങ്ങളെ ഏറ്റെടുത്ത റിലയൻസ്, ഈ സേവനങ്ങൾക്ക് കീഴിലുള്ള പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് ടെലിവിഷൻ സേവനങ്ങൾ ഉപയോക്താക്കളിലെത്തിക്കുക.ടെലിവിഷൻ സേവനങ്ങൾക്കും മറ്റുമായി വിവിധ ഉദ്ദേശ്യങ്ങളോടുകൂടിയുള്ള 4കെ സെറ്റ് ടോപ്പ് ബോക്സും ജിയോ അവതരിപ്പിച്ചു.ജിയോ ഫൈബറിന്‍റെ സെറ്റ് ടോപ്പ് ബോക്സ് ഗെയിമിംഗ് സപ്പോര്‍ട്ട് ഉള്ളതായിരിക്കും. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പിലാക്കാന്‍ വേണ്ടി രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്.
ജിയോ ഫൈബർ സേവനങ്ങൾക്ക് പ്രതിമാസം 700 രൂപമുതൽ 10,000 രൂപ വരെയാവും ചെലവ്. ജിയോ ഫൈബർ കണക്ഷനുകൾ എടുക്കുന്നവർക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോൺ വിളിക്കാനാവും. ഇത് കൂടാതെ 500 രൂപയുടെ അന്താരാഷ്ട്ര കോളിങ് ഓഫറും പുറത്തിറക്കിയിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ ഇതുവഴി സാധിക്കും.
അമേരിക്കയിലെ ശരാശരി ഇന്റർനെറ്റ് വേഗം 19Mbsps ആണ്. എന്നാൽ ജിയോയുടെ അടിസ്ഥാന പ്ലാനിന് തന്നെ ഇതിലും വേഗം ഉണ്ടാകും.
ജിയോഫൈബറിന്റെ വാർഷിക പ്ലാൻ എടുക്കുന്നവർക്ക് വെൽക്കം ഓഫർ ആയി എച്ച്ഡി എൽഇഡി ടിവിയും, 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും.
ജിയോ ഫൈബർ ഉപയോക്താക്കൾക്ക് പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ കാണാൻ സാധിക്കും. ഇതിന് സൗകര്യമൊരുക്കുന്ന ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സേവനം 2020 ഓടെ ആരംഭിക്കും.
തടസമില്ലാത്ത വീഡിയോ കോളിങ് സൗകര്യവും ജിയോ ഫൈബർ ഒരുക്കുന്നു. വീട്ടിലിരുന്നും ഓഫീസിലിരുന്നും വീഡിയോ കോൾ ചെയ്യാനും ഒന്നിലധികം ആളുകളുമായി വീഡിയോ കോൺഫറൻസ് ചെയ്യാനും ഇതുവഴി സാധിക്കും. വീഡിയോ കോൺഫറൻസ് ഒരുക്കുന്നതിനായി വരുന്ന വലിയ ചെലവ് ഇതുവഴി കുറയ്ക്കാനാവുമെന്ന് ജിയോ പറയുന്നു.
4കെ ഗെയിമിങ്, ഷോപ്പിങ്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കും ജിയോ ഫൈബർ സൗകര്യമൊരുക്കുന്നുണ്ട്. മിക്സഡ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ പിന്തുണയും ജിയോ ഇതിനായി പ്രയോജനപ്പെടുത്തുന്നു.