Home അറിവ് ചില വജ്ര വിശേഷങ്ങൾ.

ചില വജ്ര വിശേഷങ്ങൾ.

വജ്രം – വാക്ക് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രകൃതിദത്തമായ ഏറ്റവും കടുപ്പമേറിയ വസ്തുവാണ് ഡയമണ്ട് അഥവാ വജ്രം. പ്രകൃതിയിൽ കണ്ടുവരുന്നതിൽ ഏറ്റവും കഠിനമായ പദാർത്ഥം വെറും കരിയിലെ ആറ്റങ്ങൾ മാത്രമുള്ള വജ്രത്തിന് ഇത്രയും കാഠിന്യം വരാനുള്ള കാരണമെന്താണ്?. പ്രകൃതിയുടെ അസാധാരണമായ കരവിരുതാണ് ഇതിനു പിന്നിൽ. കാർബൺ ആറ്റങ്ങൾ പ്രത്യേക രീതിയിൽ അടുക്കപ്പെട്ടതിനാലാണ് വജ്രത്തിന് ഇത്രയും കാഠിന്യമുള്ളത്. വജ്രത്തിന് ഓരോ കാർബൺ ആറ്റവും മറ്റുനാലു കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒരർത്ഥത്തിൽ ഒരു വജ്രക്കട്ട മൊത്തത്തിൽ ഒരൊറ്റ ഭീമൻ തന്മാത്രയാണ് എന്നു പറയാം. അതിനാൽ വജ്രത്തെ പൊടിക്കുക അല്ലെങ്കിൽ മുറിക്കുക എന്നത് സാധ്യമല്ലെന്നു തന്നെ പറയാം. വജ്രത്തെ മുറിക്കുന്നത് വജ്രം കൊണ്ടുതന്നെയാണ്. സഹസംയോജകബന്ധങ്ങളെ മുറിക്കുവാൻ വൻതോതിൽ ഊർജ്ജം വേണ്ടി വരുന്നതുകൊണ്ടാണ് വജ്രത്തിന് കാഠിന്യമുള്ളതായി പറയുന്നത്. സ്വതന്ത്രമായ ഇലക്ട്രോൺ ഇല്ലാത്തതിനാൽ വജ്രത്തിലൂടെ വൈദ്യുതി കടന്നു പോവുകയുമില്ല.

വൈരക്കല്ലുകൾ അഥവാ ഡയമണ്ടുകൾ ആരെയും ആകർഷിക്കുന്ന രത്നക്കല്ലുകളാണല്ലോ. ഇവ കരിയുടെ മറ്റൊരു രൂപം മാത്രമാണെന്ന് പ്രസിദ്ധ ഫ്രഞ്ച് രസതന്ത്രജ്ഞനായിരുന്ന ലാവോസിയെ 1772 ൽ ഒരു പരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. അദ്ദേഹം ഒരു വൈരക്കല്ലിൻമേൽ ലെൻസ് ഉപയോഗിച്ച് സൂര്യപ്രകാശത്തെ കേന്ദ്രീകരിച്ചു കഠിനമായ ചൂടിൽ വൈരക്കല്ല് കാണാതായി. ചൂടായി ചുറ്റുപാടിൽനിന്നു ഒക്സിജനെ സ്വീകരിച്ച വൈരം കാർബൺഡൈ ഓക്സൈഡായി മാറിയതാണ് ഇതിനു കാരണമെന്ന് അദ്ദേഹം തെളിയിച്ചു. വജ്രം വെറും കരിയാണെന്ന രഹസ്യം അങ്ങനെയാണ് വെളിച്ചത്തായത്.

ഭൂമിക്കടിയിലെ ആയിരക്കണക്കിനു വർഷത്തെ കൊടും ചൂടും സമ്മർദ്ദവും മൂലമാണ് കാർബണുകൾ വജ്രമായി മാറുന്നത്. ഭൂഗർഭത്തിൽ സൃഷ്ടിക്കപ്പെടുന്ന ഇത്തരം വജ്രപ്പാറകൾ അഗ്നിപർവ്വത സ്ഫോടനത്തിലൂടെയോ ഭൂഗർഭ ഉറവകൾ വഴിയോ ഭൗമോപരിതലത്തിലെത്തുന്ന ആഴമാർന്ന നദികളിൽ നിന്നു ഭൂഗർഭക്കുഴികളിൽ നിന്നുമൊക്കെയാണ് ഇവ ഖനനം ചെയ്തെടുക്കുന്നത്. വജ്രത്തിന്റെ കാഠിന്യവും പരിശുദ്ധിയും ചന്തവും പുരാതന കാലം മുതൽക്കു തന്നെ അതിനെ വിലപിടിപ്പുള്ള വസ്തുവാക്കി. ഖനികളിൽ നിന്നു ലഭിക്കുന്ന ഈ സുതാര്യമായ പാറക്കഷണത്തെ ചെത്തി മിനുക്കി പ്രകാശം വർഷിക്കുന്ന അസുലഭ സൗന്ദര്യമുള്ള വസ്തുവായി രൂപം മാറുന്നതു കലാകാരന്മാരുടെ വൈദഗ്ധ്യമാണ്.

വജ്രത്തിളക്കം
വജ്രത്തിലെ പ്രകാശത്തിന്റെ വേഗം വായുവിനേക്കാൾ കുറവാണ്. തന്മൂലം ഒരു പ്രകാശ കിരണം വായുവിൽ നിന്നു വജ്രത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന വ്യതിയാനം കൂടുതലായിരിക്കും. അഥവാ വജ്രത്തിന്റെ അപവർത്തകനാങ്കം ഏറ്റവും ഉയർന്നതായിരിക്കും. പ്രകാശകിരണം വജ്രത്തിന്റെ ഉപരിതലത്തിൽ പതിച്ചാൽ അത് വജ്രത്തിനുള്ളിലേക്ക് അപവർത്തനം ചെയ്യപ്പെടുന്നു. ഇവിടെ അപവർത്തന കോൺ എപ്പോഴും പതനകോണിലും കുറവായിരിക്കും. പതനകോൺ 90 ഡിഗ്രി ആയാൽ അപവർത്തനകോൺ 24.5 ഡിഗ്രിയേ ഉണ്ടാവൂ. അതായത്, വജ്രത്തിന്റെ ഉപരിതല ത്തിൽ വീഴുന്ന എല്ലാ പ്രകാശകിരണങ്ങളും അത് ഏതു കോണിൽ വീഴുന്നതായാലും ശരി വജ്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ 49 ഡിഗ്രി കോണിൽ ഒതുക്കപ്പെടുന്നു. പ്രകാശകിരണം പുറത്തുപോകാതെ വജ്രത്തിനുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്നു. ഈ പ്രതിഭാസത്തെ പൂർണ്ണ ആന്തരികപ്രതിഫലനം എന്നു പറയുന്നു. 24ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിൽ വീഴുന്ന പ്രകാശകിരണങ്ങളെല്ലാം അതായത് മുക്കാൽ ഭാഗം പ്രകാശകിരണങ്ങളും പൂർണ ആന്തരിക പ്രതിഫലനം വഴി വജ്രത്തിനുള്ളിലേക്കു തന്നെ തിരിച്ചു പോകുന്നു. വജ്രം ചെത്തിമിനുക്കുന്നത് അവയ്ക്ക് പലമുഖങ്ങൾ നൽകികൊണ്ടാണ്. പല മുഖങ്ങളുള്ളതുകൊണ്ട് ഈ പ്രക്രിയ പലതവണ ആവർത്തിക്കുന്നു. അതുപോലെ തന്നെ പലമുഖങ്ങളിലൂടെയും ഇങ്ങനെ ഉള്ളിലേക്കു കടന്ന് ശക്തിയാർജ്ജിച്ച പ്രകാശവുമായി ഇവ കൂടിച്ചേരുന്നു. ഒരു പ്രത്യേക മുഖത്തിലെത്തുമ്പോൾ പതനകോൺ 24.5 ഡിഗ്രിയിലും കുറവാകുന്നുവെന്ന് കരുതുക, ഇവയെല്ലാം അതുവഴി പുറത്തുപോകും. ആ ഭാഗം ശക്തമായ പ്രകാശം പുറത്തേക്കു വിടുന്നതിനാൽ നോക്കുന്ന ആൾക്ക് ആ ഭാഗം തിളങ്ങുന്നതായി തോന്നും. മറ്റു ഭാഗങ്ങൾ മങ്ങിയതായും തോന്നും. വജ്രം ചലിപ്പിക്കുമ്പോൾ മറ്റുചില മുഖത്തുനിന്ന് പ്രകാശം പുറത്തേക്ക് വരികയും ചില ഭാഗങ്ങളിൽ നിന്ന് വരാതിരിക്കുകയും ചെയ്യുന്നു. ചലിപ്പി ക്കുമ്പോൾ വജ്രം വെട്ടിത്തിളങ്ങുന്നതിനു കാരണം ഇതാണ്.