Home ആരോഗ്യം മൊഡേണ വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണ്ട, പഠനം

മൊഡേണ വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണ്ട, പഠനം

ണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കണമോ എന്ന കാര്യത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ആഫ്രിക്ക അടക്കമുള്ള ദരിദ്ര, വികസ്വര പ്രദേശങ്ങളില്‍ ഒരു ഡോസ് കോവിഡ് വാക്‌സീന്‍ പോലും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്തപ്പോള്‍ ബഹുഭൂരിപക്ഷത്തിനും വാക്‌സിനേഷന്‍ നടപ്പാക്കിയ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആരംഭിക്കുന്നത് പല നൈതിക പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഇതിനിടെ മൊഡേര്‍ണയുടെ വാക്‌സീന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ ഇല്ലാതെ തന്നെ നീണ്ടു നില്‍ക്കുന്ന പ്രതിരോധശേഷി ലഭിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. കാലഫോര്‍ണിയയിലെ ലാ ജൊള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. മൊഡേര്‍ണയുടെ ഒരു ചെറിയ ഡോസ് തന്നെ ആറു മാസം നീളുന്ന ശക്തമായ പ്രതിരോധ ശേഷി കൊറോണ വൈറസിനെതിരെ നല്‍കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ആന്റിബോഡികള്‍ വഴിയുള്ള പ്രതിരോധത്തിന് പുറമേ നീണ്ടു നില്‍ക്കുന്ന ഹെല്‍പര്‍ ടി സെല്‍ പ്രതിരോധവും മൊഡേര്‍ണ വാക്‌സീന്‍ വളര്‍ത്തിയെടുക്കുന്നതായി ഗവേഷകര്‍ പറയുന്നു. 70 വയസ്സിന് മുകളിലുള്ളവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രായവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഗവേഷണം നടത്തിയത്.

ആറു മാസമെന്ന കാലാവധി നിര്‍ണ്ണായകമാണെന്നും ഈ കാലയളവിലാണ് നീണ്ടു നില്‍ക്കുന്ന ഇമ്മ്യൂണ്‍ മെമ്മറി വികസിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ലാ ജൊള്ളയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡാനിയേല വിസ്‌കോഫ് പറഞ്ഞു. മൊഡേര്‍ണയുടെ രണ്ട് ഡോസ് വാക്‌സീന്‍ കടുത്ത രോഗബാധയില്‍ നിന്നും മരണത്തില്‍ നിന്നും മികച്ച സംരക്ഷണം ഉറപ്പ് നല്‍കുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.