നമ്മള് ദിവസവും ഒന്നിലേറെ കുടിക്കുന്ന ചായ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ശരീരഭാരം കുറയ്ക്കാനും ചര്‍മ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പലതരത്തിലുള്ള ചായകളുണ്ട്.
ഇനി മുതല്‍ വൈകുന്നേരങ്ങളില്‍ ഇഞ്ചിയും ഏലയ്ക്കയും ഗ്രാമ്പുവും എല്ലാം ചേര്‍ത്ത കിടിലനൊരു ചായ കുടിക്കാം. പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും മസാല ചായ (masala tea) ഏറെ നല്ലതാണ്. രുചികരമായി മസാല ചായ ഈസിയായി തയ്യാറാക്കാം.
അരക്കപ്പ് വെള്ളം, രണ്ട് കപ്പ് പാല്‍, ആറ് ഏലക്ക, ഒന്നര കഷ്ണം കറുവാപ്പട്ട, നാല് ഗ്രാംപൂ, ഒരു കഷ്ണം ഇഞ്ചി, രണ്ട് ടീസ്പൂണ്‍ ചായപ്പൊടി, ആവശ്യത്തിന് പഞ്ചസാര എന്നിവയാണ് ഈ ചായ തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍.
ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക. വെള്ളം നന്നായി തിളച്ച് തുടങ്ങുമ്പോള്‍ അതിലേക്ക് ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി, കറുവപ്പട്ട എന്നിവ ചതച്ചിടുക. മസാല കൂട്ട് തിളക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയും ചേര്‍ക്കുക.
നന്നായി തിളച്ചതിനു ശേഷം പാലും ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. ശേഷം അരിച്ചെടുക്കുക. ചൂടോടെ മസാല ചായ കുടിക്കാം…