Home നാട്ടുവാർത്ത അപമാനിക്കൽ അതിരു കടക്കുന്നു. സമരം ചെയ്ത് മദ്യപാനികളുടെ സംഘടന.

അപമാനിക്കൽ അതിരു കടക്കുന്നു. സമരം ചെയ്ത് മദ്യപാനികളുടെ സംഘടന.

സർക്കാർ വിൽക്കുന്ന മദ്യം ഭീമമായ നികുതി നൽകി വാങ്ങാൻ ചെല്ലുമ്പോൾ മദ്യവിൽപനശാലയിലെ ജീവനക്കാരുടെ ഒരു ഭാവമുണ്ട്. പുച്ഛവും അഹങ്കാരവും കലർന്ന പെരുമാറ്റം. ബ്രാൻഡ് ചോദിച്ചാൽ പോലും കിട്ടിയത് വാങ്ങിച്ച് പോടാ എന്ന ലൈനും. ബീവറേജസിൽ തുടങ്ങുന്ന ഈ അവഗണനക്ക് അറുതി വരുത്താൻ തന്നെയാണ് മദ്യപരുടെ സംഘടനയുടെ രൂപീകരണ ലക്ഷ്യമെന്ന് സ്ഥാപകൻ ഹരികുമാർ പറയുന്നു.ഓൾ കേരള മദ്യപാന അനുകൂല സംഘടന (AKMAS) രൂപീകരിച്ചിട്ടുള്ളത് തിരുവനന്തപുരം ആസ്ഥാനമായാണ്. ഒന്നര ലക്ഷം പേരാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സംഘടനയുടെ അംഗത്വത്തിനായി അപേക്ഷിച്ചിട്ടുള്ളതെന്ന് ഹരികുമാർ പറയുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിൽ ഇവർ സമരവും സംഘടിപ്പിച്ചു.

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക.
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക.
മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക.
മദ്യാപാനികള്‍ക്കെതിരെയുള്ള അവഗണന ഒഴിവാക്കുക.
മദ്യഷോപ്പ് ജീവനക്കാര്‍ മദ്യപാനികളോട് കാണിക്കുന്ന ക്രൂരത ഒഴിവാക്കുക.
എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ബീവറേജസ് ജീവനക്കാരൻ മുതൽ പോലീസ് വരെ മെക്കിട്ടു കയറുകയാണെന്ന് സംഘടനാ സ്ഥാപകൻ
ഹരികുമാര്‍ രോഷം കൊണ്ടു –
ദ്യപാനികളോട് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ആരും പറയുന്നില്ല. മദ്യപിച്ച് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കള്ളുകുടിയന്‍ എന്ന് വിളിച്ച് എന്തും ചെയ്യാമെന്ന തോന്നലാണ് പൊലീസിന്. കള്ളു കുടിച്ചതിന്റെ മാത്രം പേരില്‍ എത്രയോ ആളുകള്‍ക്ക് പൊലീസിന്റെ തല്ലുവാങ്ങേണ്ടി വന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നതും ബഹളം വെയ്ക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമെല്ലാം തടയണം. മദ്യപിച്ച് വാഹനമോടിച്ചാല്‍ മറ്റുള്ളവര്‍ക്കും അപകടമാണ്. പക്ഷെ നടന്നുപോകുന്നവരെ ഉപദ്രവിക്കുന്നത് എന്തിനാണ്? ഹരികുമാർ ചോദിക്കുന്നു. മദ്യപിക്കുന്നവര്‍ എങ്ങോട്ടും പോകരുതെന്നാണ്. മദ്യം അത്രയ്ക്ക് ചീത്ത സാധനമാണെങ്കില്‍ അങ്ങ് നിരോധിക്കണം. ഇവരെല്ലാം ശമ്പളം വാങ്ങിക്കുന്നത് നമ്മള്‍ കൊടുക്കുന്ന ടാക്‌സ് കൊണ്ടാണ്. ഒരു തട്ടിപ്പോ വെട്ടിപ്പോ ഇല്ലാതെ നേരിട്ടാണ് സര്‍ക്കാരിന് ടാക്‌സ് കൊടുക്കുന്നത്. പാവപ്പെട്ടവനും കൂലിപ്പണിക്കാരനും തെങ്ങുകയറുന്നവനും. സര്‍ക്കാര്‍ തന്നെ വില്‍പന നടത്തിയിട്ട് ആ നമ്മളോട് ഇങ്ങനെ പെരുമാറരുത്. കുറേ നാളായി ക്ഷമിക്കുകയാണ്. ഹരികുമാറിന്റെ രോഷം ശമിക്കുന്നില്ല. സമരം തുടരാൻ തന്നെയാണ് സംഘനയുടെ തീരുമാനം. മദ്യപർക്കും ഇനി ചോദിക്കാനാളുണ്ട്.