Home ചരിത്രം ലോകമറിയുന്ന വജ്രങ്ങൾ

ലോകമറിയുന്ന വജ്രങ്ങൾ

തുവരെ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ഭാരമുള്ള വൈരക്കല്ല് കുള്ളിനൻ ആണ്. പ്രീമിയർ ഡയമണ്ട് കമ്പനിയുടെ ചെയർമാനായ തോമസ് കുള്ളിനന്റെ പേരിലാണിത് അറിയപ്പെടുന്നത്. 3106 കാരറ്റ് ആണ് ഇതിന്റെ തൂക്കം. 1905 ൽ ദക്ഷിണാഫ്രിക്കയിലുള്ള പ്രീമിയർ ഡയമണ്ട് ഖനിയിൽ നിന്നാണിത് കണ്ടെടുക്കപ്പെട്ടത്. വെള്ളത്തിന്റെ നിറമുള്ള ഈ വജ്രം ട്രാൻസ്വാൾ സർക്കാർ അന്നു വിലക്കുവാങ്ങി ബ്രിട്ടീഷ് രാജാവായിരുന്ന എഡ്വേർഡ് ഏഴാമന് ജന്മദിന സമ്മാനമായി സമർപ്പിച്ചു. എഡ്വേർഡ് രാജാവ് ഇത് ചെത്തിമിനുക്കനായി ആംസ്റ്റർഡാമിലെ ഐ.ജെ.ആഷർ ആൻഡ് കമ്പനിയെയാണ് ഏൽപ്പിച്ചത്. ചെത്തിമിനുക്കിയപ്പോൾ കുള്ളിനൻ 530.2 ഭാരമായി കുറഞ്ഞു. കുള്ളിനന്റെ ബാക്കി കഷണങ്ങളിൽ നിന്നും നൂറോളം പ്രശസ്തമായ വജ്രങ്ങൾ വേറെയും ലഭിച്ചു. കുള്ളിനൻ ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിക്കുകയാണ്. കുളിനനെ ചെത്തി മിനുക്കുമ്പോൾ ലഭിച്ച 317.4 കാരറ്റ് തൂക്കമുള്ള മറ്റൊരു വജ്രം ബ്രിട്ടീഷ് രാജകിരീടത്തെ അലങ്കരിക്കുന്നു. 63.65 കാരറ്റ് തൂക്കമുള്ള മറ്റ് രണ്ടു വജ്രങ്ങൾ ക്വീൻമേരിയുടെ 1911 ലെ സ്ഥാനാരോഹണ ചടങ്ങിന് ഉപയോഗിച്ച കിരീടത്തെയും അലങ്കരിക്കുന്നു.

കോഹിന്നൂർ രത്നത്തിനു ശേഷം ഇന്ത്യയിൽ നിന്നു ലഭിച്ച മറ്റൊരു പ്രശസ്ത വജ്രമാണ് പിറ്റ് ഡയമണ്ട്. ആന്ധ്രാപ്രദേശിലെ ഗോൽകൊണ്ടാ വജ്രഖനിയിൽ നിന്നു 1701 ലാണിത് ഖനനം ചെയ്തെടുത്തത്. 410 കാരറ്റ് തൂക്കമുണ്ടായിരു ന്നു അന്നതിന്. അന്നത് സ്വന്തമാക്കിയ ജാംചന്ദ് എന്ന പാർസി വ്യാപാരി ഈസ്റ്റിന്ത്യാകമ്പനിയുടെ മദ്രാസിലെ പ്രതിനിധിയായ വില്യം പിറ്റ്സിന് 20400 പൗണ്ടിന് വിറ്റു. പിറ്റ് ഈ വജ്രം സ്വന്തമാക്കിയ ശേഷമാണ് ഇത് പിറ്റ് ഡയമണ്ട് എന്നറിയപ്പെടാൻ തുടങ്ങിയത്. വില്യം പിറ്റ് ഇത് ഇംഗ്ളണ്ടിൽ കൊണ്ടുപോയി ചെത്തി മിനുക്കി. രണ്ടു വർഷമെടുത്തു ചെത്തിമിനുക്കിയതിന് അന്ന് 5000 പൗണ്ട് ചെലവായി. ഇതോടെ 410 കാരറ്റുള്ള പിറ്റ് 140.5 കാരറ്റായി ചുരുങ്ങുകയും ചെയ്തു. ചെത്തിമിനുക്കിയ പിറ്റിന്റെ ബാക്കി ഭാഗം വിറ്റത് 7000 പൗണ്ടിനാണത്രെ. മോഷ്ടാക്കളുടെ ഭീഷണിയെ തുടർന്ന് വില്യം പിറ്റ് 1717 ൽ പിറ്റ് വജ്രം ഫ്രാൻസിന്റെ റീജന്റ് ആയിരുന്ന ഒർലൻസ് ഡ്യൂക്കിന് 13500 പൗണ്ടിനു കൈമാറി. അതിനുശേഷം പിറ്റ് ഡയമണ്ടിന് റീജന്റ് ഡയമണ്ട് എന്ന പേരുകൂടി ലഭിച്ചു. റീജന്റ് ഡയമണ്ട് കിരീടത്തിലുറപ്പിച്ച് അണിയാനുള്ള ഭാഗ്യം ലഭിച്ചത് ഫ്രാൻസിന്റെ ഭരണാധികാരിയായിരുന്ന ലൂയി പതിന്നാലാമനാണ്. 1722 ലെ കിരീട ധാരണ ചടങ്ങിൽ.
1792 ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ഇത് മറ്റ് രാജകീയ ആഭണങ്ങളോടൊപ്പം കൊള്ളയടിക്കപ്പെട്ടു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഖജനാവിലാണ് പിറ്റ് ഡയമണ്ട് പിന്നീട് പ്രത്യക്ഷപ്പെട്ടത്. യുദ്ധച്ചെലവിനായി നെപ്പോളിയൻ പിറ്റ് ഡയമണ്ട് പണയം വച്ചു. 1887 ൽ നടന്ന ഫ്രഞ്ച് രാജകീയ ആഭരണങ്ങളുടെ പ്രദർശനത്തിൽ പിറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു. പാരീസിലെ ലൂവർ മ്യൂസിയത്തിൽ ഇന്നിത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിൽ ആന്ധ്രപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നാണ് ഓർലോവ് വജ്രം കണ്ടെടുത്തത്. 300 കാരറ്റ് തൂക്കമായിരുന്നു അന്നതിന്. മുസ്ലീം ഭരണാധികാരിയായ ജഹാൻഷി അതു സ്വന്തമാക്കി. റോസാപ്പൂവിന്റെ ആകൃതിയിൽ ചെത്തിമിനുക്കപ്പെട്ടപ്പോൾ ഓർലൊവിന്റെ തൂക്കം 199.6 കാരറ്റായി കുറഞ്ഞു. നീല കലർന്ന പച്ചനിറമാണ് ഓർലൊവിന്. മോഷണം പോയ ഈ വജ്രം 1773 ൽ ലാസറെവിലുള്ള ഒരമേരിക്കൻ വ്യാപാരിയിൽ നിന്നു ഗ്രിഗറി ഗ്രെഗോറിവിച്ച് ഓർലോവ് രാജകുമാരൻ 90000 പൗണ്ടിന് സ്വന്തമാക്കിയെന്നും റഷ്യയിലെ കാതറിൻ–രണ്ട് രാജകുമാരിക്ക് സമ്മാനിച്ചു എന്നുമാണ് കഥ. ഈ വജ്രം ഇന്ന് റഷ്യയിലെ ഡയമണ്ട് ട്രഷറി മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു.

ഷായും അക്ബർഷായും
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗൊൽക്കൊണ്ടയിലെ വജ്രഖനിയിൽ നിന്നു ലഭിച്ച വജ്രമാണ് ഷാ. നേർത്ത മഞ്ഞ നിറമാണിതിനറെ പ്രത്യേകത. 88.7 കാരറ്റ് തൂക്കമുള്ള ഈ വജ്രം ചരടിൽ കോർത്ത് അണിയത്തക്കവിധത്തിൽ തുളയ്ക്കപ്പെട്ടതാണ് എന്ന പ്രത്യേകതയുമുണ്ട്. ഷാ കൈവശം വച്ച മൂന്ന് മൂസ്ലീം ഭരണാധികാരികളുടേയും പേരുകൾ ഈ വജ്രത്തിൽ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. നിസാം ഷാ, ജഹാൻഷാ, ഫെത്ത് അലിഷാ എന്നിവരുടെ പേരുകൾ. അലക്സാണ്ടർ ഗ്രിബോയ്ഡോവ് എന്ന ദൂതനെ വധിച്ച കുറ്റത്തിനു പിഴയായി അവസാനത്തെ ഷായുടെ പുത്രൻ 1829 ൽ ഈ വജ്രത്തെ റഷ്യൻ ഭരണാധികാരികൾക്ക് കൈമാറി. റഷ്യയിലെ ഡയമണ്ട് ട്രഷറിയിലാണ് ഇന്നിതുള്ളത്.

മുഗൾ സാമ്രാജ്യത്തിന്റെ സ്വത്തായിരുന്നു അക്ബർ ഷാ എന്ന 119 കാരറ്റ് തൂക്കമുള്ള ഇളംപച്ച വജ്രം. 1866 ൽ കണ്ണുനീർത്തുള്ളിയുടെ രൂപത്തിൽ ചെത്തിമിനുക്കി. ഷാ അക്ബർ എന്നും ഷാജഹാൻ ഇരുലോകങ്ങളുടെ ഭരണാധികാരിയായി എന്നും അക്ബർഷായിൽ കൊത്തിവച്ചിട്ടുണ്ടായിരുന്നത് ഈ ചെത്തി മിനുക്കലിലൂടെ അലങ്കോലമായി. അതോടെ ഈ വജ്രത്തിന്റെ ചരിത്രപരമായ മൂല്യത്തിനും കുറവുണ്ടായി. അക്ബർ ഷാ ഇന്ന് ബറോഡയിലെ ഗെയ്ക്ക് വാദ് രാജവംശത്തിന്റെ രത്ന ശേഖരത്തിലാണുള്ളത്.

നാസിക്കിലെ നസ്സാക്ക്
നാസിക്കിലെ ത്രൈംബകേശ്വർ ശിവക്ഷേത്രസ്വ ത്തായിരുന്നു ഈ നീല വജ്രം. അങ്ങനെ നസ്സാക്ക് എന്ന പേരും വീണു. മറാത്തികൾ നാസിക് ആക്രമിച്ച സമയത്ത് അവർ ഇത് കൊള്ളയടിച്ചു. 1818 ലെ മറാത്ത യുദ്ധത്തിൽ ഈസ്റ്റിന്ത്യാ കമ്പനി ഇതു തട്ടിയെടുത്തു. ഈസ്റ്റിന്ത്യാകമ്പനി ഈ വജ്രം ഇംഗ്ളണ്ടിലെ വ്യാപാരിയായിരുന്ന റൻഡൽ ആൻഡ് ബ്രിഡ്ജിനു വിറ്റു. പിയർ ആകൃതിയുണ്ടായിരുന്ന നസ്സാക്ക് പിന്നീട് ത്രികോണാകൃതിയിൽ ചെത്തിമിനുക്കപ്പെട്ടു. 1839 ൽ നടന്ന ഒരു ലേലത്തിൽ വെസ്റ്റ് മിനിസ്റ്ററിലെ മാർക്വെസ് പ്രഭു ഇതു സ്വന്തമാക്കി. മാർക്വെസ് പാരീസുകാരനായ ജോർജ് മബോസിന് ഈ രത്നം കൈമാറി. മബോസ് നസ്സാക്കിനെ ദീർഘചതുരാകൃതിയിലുള്ള എമറാൾഡ‍് കട്ടരൂപത്തിൽ ചെത്തിമിനുക്കി 43.4 കാരറ്റ് തൂക്കമുള്ള നസ്സാക്ക് വജ്രം ഇന്ന് യൂ.എസി.ലെ എഡ്വാർഡ് ജെ ഹാന്റിന്റെ കയ്യിലാണുള്ളത്.

താജ്–ഇ–മാഹ്
ഗൊൽക്കൊണ്ടാ വജ്ര ഖനിയിൽ നിന്നു ലഭിച്ച 150 കാരറ്റ് ഭാരമുളള താജ് ഇ–മാഹ് ചന്ദ്ര കിരീടം റോസാപുഷ്പത്തിന്റെ ആകൃതിയിലാണഅ ചെത്തിമിനുക്കിയിരിക്കുന്നത്. 1739 ൽ നാദിർഷാ ഇത് കൊള്ളയടിച്ചു. ചന്ദ്രന്റെ കിരീടമെന്നറിയപ്പെടുന്ന ഈ അമൂല്യരത്നം ഇറാനിയൻ രാജകീയ രത്നശേഖരത്തിലാണിന്നുള്ളത്.

ദരിയ–ഇ–നൂർ
ആന്ധ്രാപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നും കണ്ടെടുക്കപ്പെട്ട 182 കാരറ്റ് തൂക്കവും നേർത്ത പിങ്ക് നിറവുമുള്ള വജ്രക്കല്ലാണ് ദരിയ–ഇ–നൂർ. ഭാരതം കൊള്ളയടിച്ച നാദിർഷാ ഈ വജ്രവും കൊള്ളയടിച്ചു് പേർഷ്യയിലേക്ക് കൊണ്ടു പോയി. ഇറാന്റെ രാജ്യത്തെ ആഭരണശേഖരത്തിന്റെ ഭാഗമായി ഇത് ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പട്യാലയിലെ സാൻസി
‌1570 ൽ ഓട്ടോമൺ സാമ്ര്യാജ്യത്തിന്റെ ഫ്രഞ്ച് അംബാസിഡറായിരുന്ന നിക്കോളസിന്റെ ഉടമസ്ഥതയിലുള്ള വജ്രമായിരുന്നു സാൻസി. ബദാമിന്റെ ആകൃതിയിൽ രണ്ടുഭാഗവും ചെത്തിമിനുക്കപ്പെട്ടതായിരുന്നു 60.4 കാരറ്റ് തൂക്കം വരുന്ന ഈ വജ്രക്കല്ല്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇംഗ്ളണ്ടിലെ എലിസബത്ത്–1 രാജ്ഞി ഇത് സ്വന്തമാക്കി. 1675 ൽ ഫ്രഞ്ച് ഭരണാധികാരിയായിരുന്ന ലൂയി പതിനാലാമൻ 25000 പൗണ്ടിന് സാൻസിയെ സ്വന്തമാക്കി. ഫ്രഞ്ച് വിപ്ലവകാലത്ത് ഇത് കൊള്ളയടിക്കപ്പെട്ടു. 1867 ൽ‌ പാരീസിൽ നടന്ന ഒരു പ്രദർശനത്തിൽ സാൻസിയും പ്രദർശിപ്പിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഒരു ഇന്ത്യൻ വജ്രവ്യാപാരി സാൻസി സ്വന്തമാക്കി ഇന്ത്യയിലെത്തിച്ചു. പട്യാല മഹാരാജാവിന്റെ ആഭരണശേഖരത്തിൽ പിന്നീട് ഇത് ഇടം പിടിച്ചു. പാരീസിലെ ലൂവർ കൊട്ടാരത്തിന്റെ ഭാഗമായ അപ്പോളോ ഗാലറിയിലാണ് ഈ രത്നം ഇപ്പോഴുള്ളത്.