Home അറിവ് ഒരു ചീനവലക്കഥ

ഒരു ചീനവലക്കഥ

ചീനവലയുടെ വിവിധ ഭാഗങ്ങൾക്ക് മലയാളം അല്ലാത്ത പേരുകളാണ്.
ചീനവലയിൽ വല ഘടിപ്പിക്കുന്ന നീളമുള്ള നാല് കഴകൾക്ക് പേര് ‘ബ്രാസ്’. വലയുമായി വെള്ളത്തിൽ മുങ്ങുന്നതും വെള്ളത്തിൽ നിന്ന് ഉയർന്ന് വരുന്നതും ബ്രാസാണ്.
ചീനവലയുടെ മദ്ധ്യം വെള്ളത്തിൽ നാട്ടിയ രണ്ടു കാലുകളിൽ കുറുകെ നിൽക്കുന്ന ഉരുളൻതടി. ചീനവല പ്രവർത്തിക്കുമ്പോൾ ഉരുളൻ തടി മുന്നോട്ടും പിന്നോട്ടും ഉരുളുന്നു. ഉരുളൻ തടിയുടെ പേര് ‘കളുസാന്തി’. വലയിൽ പെടുന്ന മീനുകളെ കോരിയെ ടുക്കുന്ന ഉപകരണത്തിന് പേര് ‘ബോൾസ്’. ചീനവലയിൽ കനം തുലനം ചെയ്യുന്നതിനായി ബന്ധിപ്പിച്ചിട്ടുള്ള കരിങ്കല്ലുകൾ ‘പദ്രാവോ’. ചീനവല കഴുക്കോലുകൾ തമ്മിൽ വലിച്ചു കെട്ടിയ ബന്ധം ‘സവായ’. ബ്രാസുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ‘അർബോള’. വലയിൽ നീണ്ടു കിടക്കുന്ന കയർ ‘ഇമ്പീസ്’.
എല്ലാം പോർച്ചുഗീസ് വാക്കുകൾ. ചീനവല പോർച്ചുഗലിൽ ഇല്ല എന്നതാണ് കൗതുകം.
ചീനവല തരുന്ന മീനുകളുടെ നിരയിതാ – തിരുത, കണമ്പ്, മാലാൻ, നങ്ക്, കൊഴുവ, മുള്ളൻ, കരിമീൻ, പള്ളത്തി, പ്രാഞ്ഞിൽ, നച്ചറ, കൂരി, നന്തൻ, പിലോപ്പി, കറൂപ്പ്, തോടി, കോലാൻ, പൂളാൻ, വേളൂരി, മണങ്ങ്, കതിരാൻ, മതിരാൻ, ചൊറക്, തെരണ്ടി, തൊണ്ടി, കട്ല, ഒറത്തൽ, ചെമ്പല്ലി, നങ്ക്, കൊർക്ക, മളാൻ, ചൂടൻ, നാരൻ, തെള്ളി ചെമ്മീനുകൾ. കൊഞ്ച്, ഞണ്ട്…. ഇങ്ങനെ പോകുന്നു.
മീൻപിടിത്തരീതികളിൽ പോർച്ചുഗീസ് പേരുകളുള്ള ചീനവല വ്യത്യസ്തതകളോടെ നില കൊള്ളുന്നു. കേരളത്തിൽ ഒരറ്റം മുതൽ മറ്റൊരറ്റം വരെ പുഴകളും കായലുകളും ഉണ്ടെങ്കിലും കൊച്ചി – കൊടുങ്ങല്ലൂർ അനുബന്ധ പ്രദേശങ്ങളിൽ മാത്രമേ ചീനവലകളുള്ളൂ എന്നതും കൗതുകകരം. കൊച്ചിയിലും കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്തും പോർച്ചുഗീസുകാർ കോട്ടകെട്ടി വാണിരുന്നു എന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കുക.
ചൈന – പോർച്ചുഗൽ – കൊച്ചി – കോട്ടപ്പുറം ബന്ധം ചീനവലയിൽ സന്ധിക്കുന്നു ചരിത്ര കാരണങ്ങളാൽ.
ഔദ്യോഗികമായി ചൈനയുടെ ഭാഗമാണെങ്കിലും ഇന്ന് സ്വതന്ത്ര ഭരണ പ്രദേശമായ മക്കാവോ പോർച്ചുഗീസ് മേധാവിത്വമുള്ള പ്രദേശമായിരുന്നു – കൊച്ചി പോർച്ചുഗീസ് കോളനിയായിരുന്ന 16-17 നൂറ്റാണ്ടുകളിൽ. അക്കാലത്ത് മക്കാവോയ്ക്കും കൊച്ചിക്കുമിടയിൽ ധാരാളം പോർച്ചുഗീസ് കപ്പലോട്ടങ്ങളും ഇടപാടുകളും ഉണ്ടായിരുന്നു.
ചെറിയ രൂപത്തിൽ മക്കാവോയിൽ ഉണ്ടായിരുന്ന ഒരു തരം മീൻപിടുത്ത സാങ്കേതികത വികസിപ്പിച്ചെടുത്ത് പോർച്ചുഗീസുകാർ കൊച്ചിയിലെ കാലാവസ്ഥക്കും കായലൊഴുക്കിനും അനുയോജ്യമായ വിധം തേക്കു തടിയിൽ രൂപപ്പെടുത്തിയതാവാം ചീനവലയുടെ ഉൽപ്പത്തിക്കഥ.