Home അറിവ് കൊവിഡ് പ്രവര്‍ത്തനത്തിനായി ഇനി നാട്ടിലിറങ്ങുന്നത് റോബോട്ടുകള്‍

കൊവിഡ് പ്രവര്‍ത്തനത്തിനായി ഇനി നാട്ടിലിറങ്ങുന്നത് റോബോട്ടുകള്‍

കരുതലോടെ നാടിനെ കാത്തുസംരക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ കൊവിഡ് വൈറസ് പടര്‍ന്ന് പിടിച്ചപ്പോള്‍ സര്‍ക്കാരും ജനങ്ങളും ഒരുപോലെ ആശങ്കയിലായ ദിവസങ്ങളിലൂടെയാണ് ഇന്ന് കടന്ന് പോകുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്താൽ റോബോട്ടുകളെ സേവനത്തിനായി ഉപയോഗിക്കാനാണ് തീരുമാനം.

തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ നാട്ടികയിലേക്ക് എട്ട് റോബോട്ടുകളെയാണ് പ്രവര്‍ത്തനത്തിനായി ഒരുക്കുന്നത്.

എട്ട് റോബോട്ടുകള്‍ക്ക് പുറമെ രണ്ട് ഭക്ഷണവിതരണ ട്രോളികളും നിര്‍മ്മിക്കുന്നുണ്ട്. നബാര്‍ഡിന്റെ സഹായത്തോടെ ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എഞ്ചിനിയറിങ് കോളേജിലെ ഫാബ് ലാബിലാണ് റോബോട്ടുകളുടെ നിര്‍മ്മാണം നടക്കുന്നത്. സൂക്ഷ്മ നിര്‍മ്മിത ബുദ്ധിയുള്ള റോബോട്ടുകളാണ് നിര്‍മ്മിക്കുക. ആദ്യഘട്ട ചികിത്സ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുകയും തുടര്‍ ചികിത്സ റോബോട്ടുകളുമാണ് ചെയ്യുന്നത്.

രോഗിയുടെ പള്‍സ്, തെര്‍മല്‍ സ്‌കാനര്‍, ബിപി എന്നിവ പരിശോധിക്കാന്‍ ഇവയ്ക്ക് സാധിക്കും. ദൂരെ നിന്നും ഇവയെ നിയന്ത്രിക്കാന്‍ സാധിക്കും. ക്യാമറയും റോബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. എട്ട് ലക്ഷം രൂപയാണ് ഇതിനായി നബാര്‍ട്ട് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ആദ്യത്തെ വിപുലമായ റോബോട്ട് പദ്ധതിയാണിത്.