Home അറിവ് രാജ്യത്ത് കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 9,633 പേര്‍ക്ക് രോഗം, 1,065 മരണം

രാജ്യത്ത് കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 9,633 പേര്‍ക്ക് രോഗം, 1,065 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 90,633പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 1,065പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 41,13,812പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 8,62,320പേര്‍ ചികിത്സയിലാണ്. 31,80,866പേര്‍ രോഗമുക്തരായി. 70,626പേരാണ് മരിച്ചത്.

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ തീവ്ര കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണുള്ളത്. 41,13,812പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 41,23,000പേര്‍ക്ക് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ 64,31,152പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,489 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 312 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ സംസ്ഥാനത്ത് 8,83,862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 6,36,574 പേര്‍ രോഗമുക്തരായി. നിലവില്‍ 2,20,661 പേരാണ് ചികിത്സയിലുള്ളത്. 26,276 പേര്‍ മരിച്ചു.