Home വാണിജ്യം പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ: പ്ലാനുകള്‍ അറിയാം

പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ: പ്ലാനുകള്‍ അറിയാം

പോസ്റ്റ്‌പെയ്ഡ് റീച്ചാര്‍ജ് ചെയ്യുന്ന മറ്റ് കമ്പനികളിലെ ഉപയോക്താക്കളെ വലയിലാക്കാന്‍ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകളുമായി റിലയന്‍സ് ജിയോ രംഗത്ത്. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ സേവനങ്ങളിലെ പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ നിന്നും ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായുള്ള വാഗ്ദാനങ്ങളും, ഫാമിലി പാക്ക്, ഒടിടി പ്ലാറ്റ്ഫോം സബ്സ്‌ക്രിപ്ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളുമായാണ് ജിയോ മുന്നില്‍ വെക്കുന്നത്.

ഇതുവരെയ്ക്കും പ്രീപെയ്ഡ് ഉപയോക്താക്കളെ കൈക്കലാക്കാനുള്ള പ്ലാനുകളായിരുന്നു ജിയോ അവതരിപ്പിച്ചിരുന്നത്. പ്രീപെയ്ഡ് സ്മാര്‍ട്ഫോണ്‍ വിഭാഗത്തില്‍ 40 കോടി സംതൃപ്തരായ ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചതിന് ശേഷം ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് അവതരിപ്പിക്കാന്‍ ഉചിതമായ മറ്റൊരവസരമുണ്ടാവില്ലെന്നും. ഞങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ജിയോ ഡയറക്ടര്‍ ആകാശ് അംബാനി പറഞ്ഞു.

പ്രീപെയ്ഡ് ഉപയോക്താക്കളെ മാത്രം ശ്രദ്ധിച്ചിരുന്നതിനാല്‍ ഇതുവരെ 199 രൂപയുടെ ഒരു പോസ്റ്റ്പെയ്ഡ് പ്ലാന്‍ മാത്രമാണ് ജിയോക്ക് ഉണ്ടായിരുന്നത്.

399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ തുടങ്ങിയ പ്ലാനുകളാണ് ജിയോ പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിലൂടെ ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലെത്തിക്കാന്‍ റിലയന്‍സ് ജിയോ ലക്ഷ്യമാക്കുന്നുണ്ട്.

രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളിലെ 4-5 ശതമാനം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളാണ്. മൊബിലിറ്റി സേവനങ്ങളുടെ വരുമാനത്തില്‍ ഏകദേശ കാല്‍ഭാഗം ഇവരില്‍ നിന്നാണ്. ജിയോയുടെ സാന്നിധ്യം ഈ വിഭാഗത്തില്‍ ശക്തമല്ലാതിരുന്നതിനാല്‍ തന്നെ വോഡഫോണ്‍ ഐഡിയയും, എയര്‍ടെലുമാണ് ഭൂരിഭാഗം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളേയും സ്വന്തമാക്കിയിരിക്കുന്നത്.