കോവിഡിന് ശേഷം കേരളത്തിലെ ആയുര്‍വേദ ടൂറിസം രംഗത്ത് വന്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഈ മേഖലയിലെ വരുമാനത്തില്‍ ഇടിവ് നേരിട്ടിട്ടുണ്ടെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച കൈവരിക്കുമെന്നാണ് ആയുര്‍വേദ രംഗത്തുള്ളവര്‍ പറയുന്നത്.
കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നതോടെ ആയുര്‍വേദ ടൂറിസം രംഗത്ത് സാധ്യതകളും വര്‍ധിക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പാക്കേജുകളാണ് ആയുര്‍വേദ മേഖല ഇനി മുന്നോട്ടു വെക്കുക.
കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് പിന്നീട് നെഗറ്റീവ് ആയവര്‍ക്കും പല ആരോഗ്യപ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. അതിനാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചികിത്സകള്‍ തേടിയാവും ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് എത്തുക. ഓക്ടോബര്‍ മുതല്‍ കേരളത്തിലെ ടൂറിസം രംഗം ഉണരുന്നത് ആയുര്‍വേദ ടൂറിസം മേഖലയ്ക്കും ആശ്വാസമാകും.
കേരളത്തിലെ എത്തുന്ന ടൂറിസ്റ്റുകള്‍ പരമാവധി ഒരാഴ്ചയാണ് ഇവിടെ ചെവഴിക്കുന്നത്. എന്നാല്‍, ആയുര്‍വേദ ടൂറിസ്റ്റുകള്‍ സാധാരണ 21 ദിവസം വരെയുള്ള പാക്കേജുകളാണ് എടുക്കുന്നത്. ഒരു ടൂറിസ്റ്റ് ആയുര്‍വേദ സെന്ററുകളില്‍ ദിവസം 7,000 രൂപ മുതല്‍ 20,000 രൂപ വരെ ചെലവഴിക്കുന്നുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം 30 ശതമാനമെങ്കിലും ബിസിനസ് ഉണ്ടാകുമെന്നാണ് മേഖലയുടെ പ്രതീക്ഷ.
നിലവില്‍ കേരളത്തിലെ ആയുര്‍വേദ വിപണി 1,500 കോടി രൂപയുടേതാണ്. കേരളത്തിന്റെ ടൂറിസം വരുമാനത്തില്‍ 30 ശതമാനം ആയുര്‍വേദ മേഖലയില്‍ നിന്നാണ്.