Home ആരോഗ്യം കോവിഡ് കാലത്ത് പ്രായമായവര്‍ക്ക് വേണം കൂടുതല്‍ കരുതല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് കാലത്ത് പ്രായമായവര്‍ക്ക് വേണം കൂടുതല്‍ കരുതല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

African American nurse holding patient's hand

കോവിഡ് 19 എന്ന മാരക വൈറസ് ആകെ മൊത്തം ജീവിതരീതിയെ മാറ്റിമറിച്ചിരിക്കുകയാണ്. പ്രായമായവരാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായത്. അവര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഒട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരില്‍ കാണാനോ അവരുടെ കൂടെ സമയം ചെലവഴിക്കാനോ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ല.

ഇത് ഒറ്റപ്പെടലിലേക്ക് വയോധികരെ നയിക്കുന്നു. കോവിഡിനെക്കുറിച്ചുള്ള ജിജ്ഞാസ, ഈ രോഗം വന്നാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള വേവലാതി, മരണഭയം ഈവക ചിന്തകളെല്ലാം അവരുടെ മനസ്സിലേക്ക് വന്നുകയറും.

പ്രായം കൂടുംതോറും ശരീരത്തിന്റെ പ്രതിരോധശക്തി കുറഞ്ഞുവരുന്നുവെന്നതാണ് കോവിഡ് സങ്കീര്‍ണത കൂടാനുള്ള കാരണമായി പറയപ്പെടുന്നത്. കൂടാതെ വയോധികര്‍ക്ക് പ്രായാധിക്യം മൂലമുള്ള വിവിധതരത്തിലുള്ള രോഗങ്ങളും ഉണ്ടാകും. ഉദാഹരണത്തിന് ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, കാന്‍സര്‍, ഈ രോഗങ്ങളെല്ലാം പ്രായമായ ശരീരത്തിന്റെ പ്രതിരോധശക്തിയെ ബാധിക്കുകയും അത് കോവിഡ്19 ബാധിച്ചാല്‍ അതിന്റെ തീവ്രത കൂട്ടുകയും ചെയ്യും.

വ്യക്തിശുചിത്വം പാലിക്കുക. ഇതാണ് ഏറ്റവും പ്രധാനം. കൈകള്‍ ഇരുപത് സെക്കന്‍ഡ് സമയമെടുത്ത് സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. 60 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ കൈയില്‍ സദാസമയവും കരുതുകയും ഇടയ്ക്കിടെ ഉപയോഗിക്കുകയും വേണം.

വീടിനുള്ളില്‍ തന്നെയാണെങ്കില്‍ കൈകള്‍ വൃത്തിയായി ഇടയ്ക്കിടെ കഴുകിയാല്‍ മതി.
അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക.
വിവാഹം, ശവസംസ്‌കാരം എന്നീ ചടങ്ങുകളില്‍ വയോധികര്‍ പങ്കെടുക്കരുത്.

പ്രായമായവര്‍ സാമൂഹികമായി ഒറ്റപ്പെട്ട് കഴിയുന്നത് നല്ലതല്ല. ഇത് വിഷാദരോഗം വരാന്‍ കാരണമാകും. വീട്ടിലുള്ള ചെറുപ്പക്കാര്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്മാര്‍ട്ടഫോണ്‍, കംപ്യൂട്ടര്‍, ടാബ്ലെറ്റ് എന്നിവ ഉപയോഗിക്കാന്‍ ഇവരെ പഠിപ്പിക്കുക. ഇത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അടുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

കുട്ടികളുമായി ഇടപെടാന്‍ കഴിയുന്നില്ല എന്നത് പല വയോജനങ്ങള്‍ക്കും മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കാറുണ്ട്. സാഹചര്യങ്ങള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. വീടിന് പുറത്തുപോകുന്നുവെങ്കില്‍ തീര്‍ച്ചയായും വായും മൂക്കും മൂടുന്ന വിധത്തിലുള്ള തുണികൊണ്ടുള്ള മാസ്‌ക് ധരിക്കുക. കണ്ണുകളിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

സാനിറ്റൈസര്‍ കൈയില്‍ കരുതുക. ചിലര്‍ കഴുത്തില്‍ മാസ്‌ക് കെട്ടി നടക്കുന്നത് കാണാറുണ്ട്. ഇത് സ്വന്തം രക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കും അപകടകരമാണ്. പൊതുസ്ഥലങ്ങളില്‍ ആറടി (രണ്ട് കൈ അകലം) നിര്‍ബന്ധമായും പാലിക്കണം.
വാഹനത്തിനുള്ളിലും മാസ്‌ക് ധരിച്ചിരിക്കണം.

പൈസ കൈകാര്യം ചെയ്യുന്നത് കഴിയുന്നത്ര കുറയ്ക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുക.
ബാങ്കുകള്‍, ട്രഷറി മുതലായ സ്ഥാപനങ്ങളില്‍ അത്യാവശ്യമെങ്കില്‍ മാത്രം പോകുക.
നല്ല വായുസഞ്ചാരമുള്ള മുറിയിലേക്ക് മാറുക.
കഴിയുന്നത്ര പുറത്തുനിന്നുള്ള ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടുപയോഗിക്കുക. (കൈപ്പത്തി ഉപയോഗിക്കരുത്). തൂവാല എപ്പോഴും കരുതുക. എസി ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. എസി വേണമെന്നാണെങ്കില്‍ 3M Hepa filters ഇപ്പോഴുള്ള ഫില്‍ട്ടറുകളുടെ ഒപ്പം ഘടിപ്പിക്കുക.
വയോധികര്‍ അവരുടെ ജീവിതശൈലി ചിട്ടയോടുകൂടിത്തന്നെ മുന്നോട്ടുകൊണ്ടു പോകുക.
നിത്യവും വ്യായാമം ചെയ്തിരുന്നവര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സൗകര്യമുള്ളതുപോലെ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യണം.
വയോധികരുടെ പതിവ് ആരോഗ്യപരിശോധനയ്ക്ക് മുടക്കം വന്നിരിക്കാന്‍ സാധ്യതയുണ്ട്. അടുത്തുള്ള ലാബിന്റെ സഹായം തേടുക. പ്രമേഹബാധിതര്‍ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടില്‍വെച്ച് തന്നെ ഷുഗറിന്റെ അളവ് നിര്‍ണയിക്കുക.
ചെറിയ തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ തള്ളിക്കളയരുത്.
വയോധികര്‍ ശരീരത്തിന്റെ പ്രതിരോധശക്തി നിലനിര്‍ത്താനുള്ള ജീവിതശൈലികള്‍ പാലിക്കണം. പോഷകാഹാരം, വ്യായാമം, മാനസികാരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുക.
നിത്യവും കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ ഉപയോഗിക്കണം.
എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. മിക്ക ആശുപത്രികളിലും ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.
വയോധികരുള്ള വീടുകളില്‍ പുറമേനിന്ന് വരുന്ന ജോലിക്കാരെ കഴിയുന്നത്ര ഒഴിവാക്കുക.