Home വിശ്വാസം വിഷു വന്നല്ലോ… വിഷുക്കണി ഒരുക്കേണ്ട വിധം. കണി കണ്ട ശേഷം കിടന്നുറങ്ങല്ലേ….

വിഷു വന്നല്ലോ… വിഷുക്കണി ഒരുക്കേണ്ട വിധം. കണി കണ്ട ശേഷം കിടന്നുറങ്ങല്ലേ….

കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍. ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം. കണി കണ്ട
ശേഷം കിടന്നുറങ്ങരുത്. വിഷുവിന്റെ തലേദിവസം രാത്രി വൈകി കുടുംബനാഥ വേണം കണി ഒരുക്കാന്‍. കുടുംബനാഥയുടെ അഭാവത്തില്‍ മറ്റാര്‍ക്കും കണി ഒരുക്കാം.

വീട്ടില്‍
പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമാക്കിയ സ്ഥലത്തോ കണി ഒരുക്കാം. ഒരു പീഠത്തില്‍ മഞ്ഞ് പട്ട് വിരിച്ച് അതില്‍ ശ്രീകൃഷ്ണന്റെ ചിത്രമോ കൃഷ്ണ വിഗ്രഹമോ വച്ച് മാല ചാര്‍ത്തി അലങ്കരിക്കണം.
അതിനു മുന്നില്‍ അഞ്ച് തിരിയിട്ട വിളക്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കണം. ഇതിന്റെ മുന്നില്‍ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍
ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, ചക്ക, മാങ്ങ , ഒരു പടല പഴം , നാളികേരം തുടങ്ങീയവയും ഏറ്റവും മുകളിലായി മഹാലക്ഷ്മിയുടെ പ്രതീകമായ കൊന്നപ്പൂവും വയ്ക്കണം. ചിലയിടങ്ങളില്‍ കണ്‍മഷി, കുങ്കുമച്ചെപ്പ്, അഷ്ടമംഗല്യം , സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയും വയ്
ക്കാറുണ്ട്. ഒരു പിടി നാണയം വിളക്കിനടുത്തായി വയ്ക്കണം.


വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ് കണി കാണിക്കേണ്ടത്. അതിരാവിലെ എഴുന്നേറ്റ് കൈയും കാലും മുഖവും കഴുകി ആദ്യം അവർ കണി കാണണം. അതിനു ശേഷം വീട്ടിലെ ഓരോരുത്തരെയായി കണികാണിക്കണം. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണി കാണിക്കുന്നത്.കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം. വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണികണ്ട ശേഷം ഗൃഹനാഥന്‍ കുടുംബാങ്ങള്‍ക്ക് കൈനീട്ടം നല്‍കണം.