Home അറിവ് കോവിഡ് വന്ന് പോകട്ടേയെന്ന മനോഭാവം അപകടം; ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്ന പ്രചരണം തെറ്റെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വന്ന് പോകട്ടേയെന്ന മനോഭാവം അപകടം; ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്ന പ്രചരണം തെറ്റെന്ന് ലോകാരോഗ്യ സംഘടന

മൊത്തത്തില്‍ വൈറസ് പടര്‍ന്ന് പിടിച്ച ഈ സാഹചര്യത്തില്‍ പലരും കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം വെച്ച് പുലര്‍ത്തുന്നുണ്ട്. എന്നാലിത് അപകടകരമാണെന്നും കോവിഡ് വന്നാല്‍ സമൂഹത്തിന് താനെ പ്രതിരോധ ശേഷിയുണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്നും ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ ഡോ. ടെഡ്രോസ് അധനോം ഗിബ്രിയേസുസ് പറഞ്ഞു.

രോഗത്തെ തെറ്റായ രീതിയില്‍ നേരിടാനാകില്ല, പരമാവധി ആളുകള്‍ക്ക് വരട്ടേയെന്ന് ആരും കരുതരുത്, ഇത്തരം പ്രചാരണങ്ങള്‍ അധാര്‍മികമാണെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ വരുമെന്നും മറ്റു കരുതലുകളില്ലാതെ ഇതിനെ നേരിടാമെന്നും വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. സമൂഹത്തിലെ വലിയ വിഭാഗം ആളുകള്‍ക്ക് അസുഖം ബാധിച്ചാല്‍, സ്വാഭാവികമായി ഇവര്‍ക്ക് രോഗപ്രതിരോധ ശേഷി ലഭിക്കും എന്നതിനെയാണ് ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ കൃത്യമായ വാക്സിനേഷന്‍ നടത്തിയ സമൂഹങ്ങളിലാണ് ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’യുള്ളതെന്നും കോവിഡ് 19ന് ഇതുവരെ വാക്സിന്‍ കണ്ടുപിടിച്ചിട്ടു പോലുമില്ലെന്നും ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടുന്നു.

വസൂരി പോലുള്ള രോഗങ്ങള്‍ക്ക് സമൂഹത്തിലെ 95 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുകയാണെങ്കില്‍ ബാക്കിയുള്ള അഞ്ച് ശതമാനത്തിന് പ്രതിരോധ ശേഷി ലഭിച്ചേക്കാമെന്നും പോളിയോയ്ക്ക് 80 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.

മഹാമാരിയെ നേരിടാന്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ഒരിക്കലും ഒരു വഴിയായി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വഴി ശാസ്ത്രീയവും ധാര്‍മികവുമായി പ്രശ്നങ്ങളുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.