Home നാട്ടുവാർത്ത സര്‍ക്കാര്‍ പദ്ധതിയില്‍ അമ്മയ്ക്കും ആറ് മക്കള്‍ക്കും ഫ്‌ലാറ്റ്; സംസ്ഥാനത്ത് ഇതാദ്യം

സര്‍ക്കാര്‍ പദ്ധതിയില്‍ അമ്മയ്ക്കും ആറ് മക്കള്‍ക്കും ഫ്‌ലാറ്റ്; സംസ്ഥാനത്ത് ഇതാദ്യം

ര്‍ക്കാരിന്റെ ഭവനപദ്ധത പ്രകാരം അമ്മയ്ക്കും ആറ് മക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി മൂന്നു നിലയുള്ള ഫ്‌ലാറ്റൊരുങ്ങി. പിഎംഎവൈ – ലൈഫ് ഭവനപദ്ധതി പ്രകാരമാണ് ആകെയുള്ള അഞ്ച് സെന്റില്‍ ഫ്‌ളാറ്റ് പണിതതത്. സംസ്ഥാനത്ത് ഇതാദ്യമായി പറവൂര്‍ നഗരസഭയിലാണ് ഒരേ കുടുംബത്തില്‍പ്പെട്ട ആറു പേര്‍ക്ക് സര്‍ക്കാരിന്റെ ഭവനപദ്ധതി പ്രകാരം ഫ്‌ലാറ്റ് പണിതീര്‍ത്തിരിക്കുന്നത്.

പറവൂര്‍ നഗരസഭ 21-ാം വാര്‍ഡില്‍ മരട്ടിപ്പറമ്പില്‍ ദാക്ഷായണിക്കും മക്കള്‍ക്കുമാണ് ഈ അപൂര്‍വ ഭവന യോഗം കൈവന്നിട്ടുള്ളത്. മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിനു സമീപം ഇവര്‍ക്ക് കുടികിടപ്പ് കിട്ടിയിട്ടുള്ള അഞ്ച് സെന്റില്‍ വാസയോഗ്യമല്ലാത്ത ഒരു വീടാണ് നേരത്തെയുണ്ടായിരുന്നത്.

ദാക്ഷായണിയുടെ ഏഴു മക്കളില്‍ മൂത്ത മകനായ മധു പഴയ വീടിനടുത്തുതന്നെ മറ്റൊരു ചെറിയ വീട് പണിതീര്‍ത്തു. ശശി, രാജേഷ്, കണ്ണന്‍, സെല്‍വന്‍, പ്രേംകുമാര്‍, വിജയ എന്നിവരാണ് മറ്റു മക്കള്‍.

നഗരസഭയില്‍ ഭവനപദ്ധതി അനുവദിച്ചു കിട്ടുന്നതിനായി ആറു പേരും അപേക്ഷ നല്‍കിയിരുന്നു. 2019 സെപ്റ്റംബറില്‍ ഓരോ കുടുംബത്തിനും 4,25,000 രൂപ വീതം തുക അനുവദിച്ചു വന്നു. സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം 450 സ്‌ക്വയര്‍ഫീറ്റിലുള്ള വീടു പണിയുന്നതിനാണ് ഈ തുക അനുവദിക്കുന്നത്. തറ കെട്ടുന്നതു മുതല്‍ ഘട്ടം ഘട്ടമായേ തുക നല്‍കൂ.

ഓരോ കുടുംബത്തിനും അനുവദിച്ചിട്ടുള്ള ഫ്‌ലാറ്റില്‍ രണ്ടു മുറി, അടുക്കള, ഹാള്‍, ബാത്ത് റൂം എന്നിവയുണ്ട്. മൊത്തം 25 ലക്ഷത്തിലേറെ രൂപ ചെലവു വന്നു. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിപ്രകാരം ഒമ്പതു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു ലക്ഷം രൂപയും നഗരസഭയുടെ 12 ലക്ഷം രൂപയും തൊഴിലുറപ്പു പദ്ധതിപ്രകാരം ഒന്നേകാല്‍ ലക്ഷം രൂപയുമാണ് ഈ ഭവന പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ അടുത്തയാഴ്ച ഫ്‌ലാറ്റുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ പറഞ്ഞു.