Home Uncategorized പ്രസവശേഷം കൈക്കുഞ്ഞുമായി ഓഫിസില്‍; കോവിഡ് പോരാട്ടത്തില്‍ മാതൃകയായി ഐഎഎസ് ഓഫിസര്‍

പ്രസവശേഷം കൈക്കുഞ്ഞുമായി ഓഫിസില്‍; കോവിഡ് പോരാട്ടത്തില്‍ മാതൃകയായി ഐഎഎസ് ഓഫിസര്‍

ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയെ പിടിച്ച് കെട്ടാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ്. അതില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയുമൊന്നും പങ്ക് വിവരിക്കാനാവാത്തതാണ്. സ്വന്തം ജീവിതത്തിലെ പല കാര്യങ്ങളും മാറ്റിവച്ചും മറന്നുമാണ് സമൂഹത്തെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാനായി ഇവര്‍ കഠിന പ്രയത്‌നം ചെയ്യുന്നത്.

ഇതിനിടെ പ്രസവ ശേഷം പതിനാല് ദിവസം മാത്രം വിശ്രമിച്ച ശേഷം തന്റെ കര്‍തവ്യ മേഖലയിലേക്ക് തിരികെ വന്ന ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥയെ രാജ്യം ഒന്നാകെ അഭിനന്ദിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മോണ്ടിനഗര്‍ സബ് കലക്ടര്‍ സൗമ്യ പാണ്ഡെയാണ് കൈക്കുഞ്ഞുമായി ഓഫീസില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഗാസിയാബാദ് ജില്ലയിലെ കോവിഡ് നോഡല്‍ ഓഫീസറാണ് സൗമ്യ.

ഗ്രാമങ്ങളില്‍ പ്രസവത്തിന് തൊട്ടു മുന്‍പ് പോലും സ്ത്രീകള്‍ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്. പ്രസവത്തിന് ശേഷവും അവര്‍ അവരുടെ ജോലികളിലേക്ക് എത്രയും വേഗം തിരികെ പോകുന്നു. തനിക്ക് അതുപോലെ എന്റെ ഭരണ നിര്‍വഹണ ജോലികള്‍ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം ചെയ്യാന്‍ സാധിക്കുന്നു എന്നത് ദൈവകൃപയാണ് എന്ന് സൗമ്യ പറയുന്നു.

തന്റെ കര്‍ത്യവ്യത്തില്‍ കുടുംബം പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു. പ്രസവ സമയത്ത് 22 ദിവസത്തെ ലീവ് മാത്രമാണ് സൗമ്യ എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പെണ്‍കുഞ്ഞിനാണ് സൗമ്യ ജന്‍മം നല്‍കിയത്.