Home Uncategorized വാട്‌സ്ആപിന് അഞ്ച് ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

വാട്‌സ്ആപിന് അഞ്ച് ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

വാട്ട്‌സ്ആപ്പ് പ്രൈവസി പോളിസി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ അഞ്ച് ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളെ കമ്പനിക്ക് നഷ്ടമായി.
ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കാം എന്ന പുതിയ പ്രൈവസി നിബന്ധന തല്‍ക്കാലത്തേക്ക് മരവിപ്പിച്ചെങ്കിലും ഇത് നടപ്പിലാക്കാനുള്ള ശ്രമം വലിയ തിരിച്ചടിയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്പിന് ഉണ്ടാക്കിയത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വേ പ്രകാരം, ഏതാണ്ട് 17,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 21 ശതമാനം വാട്ട്‌സ്ആപ്പിന് സമാന്തരമായി പുതിയ മെസേജ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നു. 22 ശതമാനം പേര്‍ വാട്ട്‌സ്ആപ്പ് ഉപയോഗം കുറച്ചതായും പറയുന്നു. വാട്ട്‌സ്ആപ്പ് പേ പോലുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ വിജയിക്കാന്‍ വാട്ട്‌സ്ആപ്പും ഫേസ്ബുക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് പ്രൈവസി പോളിസി സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം ആവശ്യമാണെന്ന് സര്‍വേ പറയുന്നു.

വാട്ട്‌സ്ആപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതില്‍ അതൃപ്തിയുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം പേര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. മെയ് മാസത്തില്‍ പ്രൈവസി പോളിസി നടപ്പിലാക്കാനാണ് ശ്രമം എങ്കില്‍ വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൌണ്ടുകള്‍ ഉപയോഗിക്കില്ലെന്ന് 79 ശതമാനം സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇതില്‍ തന്നെ 55 ശതമാനം വാട്ട്‌സ്ആപ്പിന് ബദലായ അപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞെന്നാണ് സര്‍വേ പറയുന്നത്. 21 ശതമാനം ഇത് ഉപയോഗിക്കുന്നുമുണ്ട്.

ശക്തമായ എതിര്‍പ്പുകള്‍ വന്നതോടെ ഈ മാസം ആദ്യം പ്രഖ്യാപിച്ച പോളിസി മാറ്റം, പിന്നീട് മെയ് മാസത്തിന് ശേഷംമാത്രമേ നടപ്പിലാക്കൂ എന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു. വാട്ട്‌സ്ആപ്പ് നയമാറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അടക്കം രംഗത്ത് എത്തിയിരുന്നു.