Home വാഹനം വാഹന വില്‍പ്പനയില്‍ ടൊയോട്ട വീണ്ടും ഒന്നാം സ്ഥാനത്ത്

വാഹന വില്‍പ്പനയില്‍ ടൊയോട്ട വീണ്ടും ഒന്നാം സ്ഥാനത്ത്

കോവിഡ് കാലത്തെ കാര്‍ വില്‍പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ടൊയോട്ട. ‘കോവിഡ് 19’ മഹാമാരി പടര്‍ന്നതോടെ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണുകള്‍ കാര്‍ വില്‍പനയ്ക്കു വന്‍തിരിച്ചടി സൃഷ്ടിച്ചിരുന്നു. സ്വന്തം നാടായ ജപ്പാനിലും പ്രധാന വിപണിയായ ഏഷ്യന്‍ രാജ്യങ്ങളിലും ‘കോവിഡ് 19’ മഹാമാരി കനത്ത തിരിച്ചടി സൃഷ്ടിക്കാത്തതാണു ടൊയോട്ടയ്ക്കു തുണയായത്.

അതേസമയം ഏഷ്യയെ അപേക്ഷിച്ച് യൂറോപ്പിലും യു എസിലും ‘കോവിഡ് 19’ കടുത്തതും ആളപായം വര്‍ധിച്ചത് ഫോക്‌സ്വാഗനു വിനയായി. ഇതും ടൊയോട്ടയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ സഹായിച്ചു. എന്നാല്‍ റാങ്കിങ്ങഇനെക്കുറിച്ചു വ്യാകുലപ്പെടുന്നില്ലെന്നും ഉപയോക്താക്കള്‍ക്കു മികച്ച സേവനം ഉറപ്പാക്കുന്നതിനാണു കമ്പനി മുന്‍ഗണന നല്‍കുന്നതെന്നുമായിരുന്നു വാര്‍ഷിക വാഹന വില്‍പ്പന കണക്കുകളോടുള്ള ടൊയോട്ട വക്താവിന്റെ പ്രതികരണം.

വാക്‌സിനുകളുടെ രംഗപ്രവേശത്തോടെ ‘കോവിഡ് 19’ സൃഷ്ടിച്ച ആശങ്ക മാഞ്ഞു തുടങ്ങിയത് ചൈന അടക്കമുള്ള വിപണികളില്‍ കാര്‍ വില്‍പ്പന മെച്ചപ്പെടാന്‍ വഴി തെളിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ വൈദ്യുത കാറുകളോട് ആഭിമുഖ്യമേറുന്നത് ടൊയോട്ടയും ഫോക്‌സ്വാഗനും പോലുള്ള നിര്‍മാതാക്കള്‍ക്കു പുതിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 2019ല്‍ ടൊയോട്ടയുടെ മൊത്തം വില്‍പനയില്‍ 20% മാത്രമായിരുന്നു വൈദ്യുത വാഹനങ്ങളുടെ വിഹിതം; എന്നാല്‍ കഴിഞ്ഞ വര്‍ഷം കമ്പനി വിറ്റ വാഹനങ്ങളില്‍ 23 ശതമാനത്തോളം ഇ വികളായിരുന്നെന്നാണു കണക്ക്.

മൊത്തം വാഹന വില്‍പ്പനയുടെ കണക്കെടുപ്പില്‍ 2015 മുതല്‍ ഇതുവരെ ഫോക്‌സ്വാഗനാണ് ആദ്യ സ്ഥാനം നിലനിര്‍ത്തി പോന്നത്. എന്നാല്‍ 2020ലെ അട്ടിമറി ദീര്‍ഘകാല പ്രവണതയുടെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇക്കൊല്ലം ഫോക്‌സ്വാഗന്‍ വില്‍പ്പനയിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തേക്കാമെങ്കിലും തുടര്‍ന്ന് 2025 വരെ ടൊയോട്ടയുടെ മേധാവിത്തമാകുമെന്നാണു പ്രവചനം.