Home ആരോഗ്യം യൂറിക് ആസിഡ് കൂടുതലാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

യൂറിക് ആസിഡ് കൂടുതലാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസം വരുമ്പോഴോ അല്ലെങ്കില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ, യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യര്‍ക്ക് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഹൈപ്പര്‍യൂറിസെമിയ എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്.

പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഏകദേശം 70 ശതമാനം യൂറേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കകള്‍ വഴിയാണ്. ബാക്കിയുള്ളവ കുടലുകളാല്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. സന്ധിവാതം (പ്രധാനമായും പെരുവിരലുകളില്‍ വീക്കം, വേദന) ഇതുമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. മുട്ടുവേദന, മൂത്രക്കല്ല് -യൂറിക് ആസിഡ് പരലുകള്‍ നിക്ഷേപിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നു. ഈ രോഗികള്‍ക്ക് വയറുവേദന ഉണ്ടായേക്കാം.

യൂറിക്ക് ആസിഡ് കൂടുതല്‍ ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ് ഒരു കാരണം. ഈ ഭക്ഷണങ്ങളില്‍ പ്രധാനമായും കരള്‍, തലച്ചോറ്, കുടല്‍ എന്നിവയുള്‍പ്പെടെയുള്ള അവയവ മാംസം ഉള്‍പ്പെടുന്നു, അതില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതില്‍ പെടും.

മദ്യപാനം, സോഡ ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവ വഴി യൂറിക് ആസിഡ് കൂടാം.
ബേക്കറി സാധനങ്ങളില്‍ ഉപയോഗിക്കുന്ന റിഫൈന്‍ഡ് ഷുഗര്‍ ഒരു കാരണമാണ്.
ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ഹൈപ്പര്‍യൂറിസെമിയയിലേക്ക് നയിക്കുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് ഒഴിവാക്കാന്‍, പ്രതിദിനം 3-4 ലിറ്റര്‍ വെള്ളം കൃത്യമായി കുടിക്കണം.

മദ്യപാനം നിര്‍ത്തുക, ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക – വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക.
നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും. പച്ചക്കറികള്‍ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.

യൂറിക് ആസിഡ് സാധാരണയായി മനുഷ്യശരീരത്തില്‍ 4-7mg/dl ആയിരിക്കും. രക്തപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്. മൂത്രക്കല്ലിന്റെ ലക്ഷണങ്ങള്‍ ഉള്ളവരില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ കൂടി ചെയ്യേണ്ടി വരും. യൂറിക് ആസിഡിന്റെ അളവ് പരിശോധിക്കുകയും ആവശ്യമെങ്കില്‍ നാരു കൂടുതലുള്ള ഭക്ഷണം, പഴങ്ങള്‍, പച്ചക്കറികള്‍ കഴിക്കുകയും എന്നിവ അടങ്ങിയ ഭക്ഷണത്തോടൊപ്പം മരുന്നുകള്‍ ആരംഭിക്കുകയും വേണം.

യുറിക് ആസിഡിന്റെ അളവ് സാധാരണമാവുകയും ലക്ഷണങ്ങള്‍ മാറുകയും ചെയ്താല്‍ മരുന്ന് നിര്‍ത്തുകയും യൂറിക് ആസിഡിന്റെ അളവ് 6 മാസത്തിലൊരിക്കല്‍ എങ്കിലും പരിശോധിക്കുകയും ചെയ്യാം. അതിനാല്‍ ഇതൊരു വലിയ രോഗമല്ല, പക്ഷേ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ ഇത് പല സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം. അല്‍പം ശ്രദ്ധയോടെയുള്ള ജീവിതശൈലിയും ഭക്ഷണക്രമവും ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ നിന്നും സങ്കീര്‍ണ്ണതകളില്‍ നിന്നും മരുന്നുകളുടെ അമിതമായ ഉപയോഗത്തില്‍ നിന്നും നിങ്ങളെ അകറ്റാന്‍ സഹായിക്കും.