Home അറിവ് കാന്‍സര്‍ ബാധിച്ച കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കും; പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് കൊച്ചിന്‍ സര്‍വകലാശാല

കാന്‍സര്‍ ബാധിച്ച കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കും; പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് കൊച്ചിന്‍ സര്‍വകലാശാല

കാന്‍സര്‍ കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന, ചികിത്സാ രീതി വികസിപ്പിച്ച് കൊച്ചി സര്‍വകലാശാല ഗവേഷക സംഘം. കാന്‍സര്‍ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. പക്ഷേ, ഈ നൂതന ചികിത്സാ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നാണ് ഗവേഷക സംഘം അവകാശപ്പെടുന്നത്.

കാന്‍സര്‍ കോശങ്ങളെ അതിസൂക്ഷ്മ കാന്തിക കണങ്ങള്‍ ഉപയോഗിച്ച് കരിച്ച് കളയുന്നതാണ് മാഗ്നെറ്റിക് ഹൈപ്പര്‍തെര്‍മിയ ചികിത്സാ രീതി. ഇത് കൂടുതല്‍ എളുപ്പമാക്കുന്ന ചികിത്സാരീതിയാണ് കൊച്ചി സര്‍വകലാശാലയിലെ ഗവേഷക സംഘം വികസിപ്പിച്ചത്. കുസാറ്റില്‍ വികസിപ്പിച്ച മാഗ്നെറ്റിക് ലെയേര്‍ഡ് ഡബിള്‍ ഹൈഡ്രോക്സൈഡ് എന്ന അതിസൂക്ഷ്മ കാന്തിക കണങ്ങളുടെ സവിശേഷ ഘടന മരുന്നിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യമാണ്. അതിനായി പാളികള്‍ അടര്‍ത്തിമാറ്റുന്ന സങ്കീര്‍ണ പ്രക്രിയ എളുപ്പമാക്കുന്നതിനുള്ള മാര്‍ഗമാണ് കണ്ടെത്തിയിരിക്കുന്നത്.

കാന്തിക വലയങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന താപം ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. അങ്ങനെയുണ്ടാകുന്ന താപം സാധാരണ കോശങ്ങള്‍ക്ക് ദോഷം വരുത്താതെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും.കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന ഇത്തരം മരുന്നുകളുടെ ഉപയോഗം വഴി പാര്‍ശ്വഫലങ്ങള്‍ നന്നായി കുറയ്ക്കാന്‍ കഴിയും.

ലബോറട്ടറിയില്‍ കാന്‍സര്‍ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വിജയം കണ്ടെത്തി. മൃഗങ്ങളിലുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഡോ. ജി.എസ്. ഷൈലജ പ്രധാന ഗവേഷകയായ ഗവേഷണ പദ്ധതിക്ക് ധനസഹായം നല്‍കുന്നത് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡാണ്. പ്രോജക്ട് ഫെലോ കെ അഞ്ജന, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ. മനോജ് രാമവര്‍മ എന്നിവരടങ്ങുന്നതാണ് ഗവേഷക സംഘം.ഡോ. മനോജ് രാമവര്‍മയുടെ ലാബിലാണ് ഈ സംയുക്തത്തിന്റെ സൂപ്പര്‍ പാരമാഗ്നെറ്റിക് സ്വഭാവം നിര്‍ണയിക്കാനുള്ള പരിശോധന നടത്തിയത്.