കോവിഡ് രോഗബാധയും ശരീരത്തിലെ വൈറ്റമിന്‍ ഡി തോതും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് തെളിയുക്കുന്ന പഠനഫലം പുറത്ത്. സ്‌പെയ്‌നിലെ ചില ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനഫലം പുറത്ത് വിട്ടത്. സ്പെയിനിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 200 കോവിഡ് രോഗികളില്‍ 80 ശതമാനത്തിന് മുകളിലുള്ളവരുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം ഉണ്ടായിരുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസത്തിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കിഡ്നി ഉത്പാദിപ്പിക്കുന്ന വൈറ്റമിന്‍ ഡി രക്തത്തിലെ കാല്‍സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുകയും അതുവഴി പ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ ഡി ഫലപ്രദമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
പ്രായമായവര്‍, സഹരോഗാവസ്ഥയുള്ളവര്‍, നഴ്സിങ്ങ് ഹോം അന്തേവാസികള്‍ എന്നിങ്ങനെ കോവിഡ് റിസ്‌ക് ഉയര്‍ന്ന വ്യക്തികളുടെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് അളക്കുന്നതും ചികിത്സിക്കുന്നതും കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമാകുമെന്ന് പഠനം പറയുന്നു. രക്തത്തില്‍ വൈറ്റമിന്‍ ഡി കുറഞ്ഞ കോവിഡ് രോഗികളില്‍ അത് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാന്റബ്രിയ സര്‍വകലാശാലയിലെ ഹൊസേ ഹെര്‍ണാണ്ടസ് അഭിപ്രായപ്പെടുന്നു.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിന്‍ ഡി കുറവെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. വൈറ്റമിന്‍ ഡി ശരീരത്തില്‍ കുറവുള്ള കോവിഡ് രോഗികളില്‍ ഫെറിറ്റിന്‍, ഡി-ഡൈമര്‍ തുടങ്ങിയ നീര്‍ക്കെട്ട് അടയാളങ്ങള്‍ കണ്ടെത്തിയതായും പഠനം കൂട്ടിച്ചേര്‍ക്കുന്നു.