Home ആരോഗ്യം മുരിങ്ങക്കായയിലെ പോഷകങ്ങളെക്കുറിച്ച് അറിയാമോ? നേടാം പല ആരോഗ്യഗുണങ്ങള്‍

മുരിങ്ങക്കായയിലെ പോഷകങ്ങളെക്കുറിച്ച് അറിയാമോ? നേടാം പല ആരോഗ്യഗുണങ്ങള്‍

ളരെ സ്വാദിഷ്ഠമായ ഒരു പച്ചക്കറിയാണ് മുരിങ്ങക്കായ്. ഇത് വീട്ടില്‍ നട്ടുപിടിപ്പിച്ചായ് കായും കഴിക്കാം ഇലയും കഴിക്കാം. മുരിങ്ങക്കായ് കൊണ്ട് ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാം. സാമ്പാറും അവിയലും മാത്രമല്ല, തോരനും മസാലക്കറിയും എന്തിനധികം അച്ചാര്‍ വരെ തയ്യാറാക്കാവുന്നതാണ് മുരിങ്ങക്കായ കൊണ്ട്. രുചിയെക്കാളധികം ആരോഗ്യഗുണങ്ങളാണ് പലപ്പോഴും മുരിങ്ങക്കായയെ വ്യത്യസ്തമാക്കുന്നത്.

ഈ കൊവിഡ് കാലത്ത് നമ്മള്‍ ആരോഗ്യം സംബന്ധിച്ച് ഏറ്റവുമധികം ചര്‍ച്ച ചെയ്തിട്ടുള്ളത് രോഗ പ്രതിരോധശേഷിയെ കുറിച്ചാണ്. അതുകൊണ്ട്, മുരിങ്ങക്കായയുടെ കാര്യത്തിലും എടുത്തുപറയേണ്ടൊരു ഗുണം അതിന് രോഗ പ്രതിരോധശേഷിയെ ശക്തമാക്കാനുള്ള കഴിവുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ നിലവിലെ മോശം സാഹചര്യത്തില്‍ ഡയറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നായി മുരിങ്ങക്കായും പരിഗണിക്കാം.

വൈറ്റമിന്‍-ബി, വൈറ്റമിന്‍-സി, ആന്റിഓക്സിഡന്റുകള്‍, സിങ്ക്, അയേണ്‍, ഫൈബര്‍ എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളുടെയും സ്രോതസാണ് മുരിങ്ങക്കായ. ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നത് മുതല്‍ എല്ലിന് ബലം നല്‍കാന്‍ വരെ ഈ പച്ചക്കറി നമ്മെ സഹായിക്കുന്നു.

അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ഒരുകൂട്ടം ഘടകങ്ങളടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് നമ്മെ സഹായിക്കുന്നു. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാന്‍ മുരിങ്ങക്കായയ്ക്കുള്ള കഴിവ് ആരോഗ്യവിദഗ്ധര്‍ എടുത്തുപറയുന്നതാണ്. വൈറല്‍ ബാധകളെ എതിര്‍ക്കാനും രക്തത്തെ ശുദ്ധിയാക്കാനും പ്രതിരോധവ്യവസ്ഥയെ ബലപ്പെടുത്താനുമെല്ലാം മുരിങ്ങക്കായ ഏറെ സഹായകമാണ്.