Home നാട്ടുവാർത്ത ഇത് ആലുവയിലെ റിംപോച്ചെ; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ മലയാളം പഠിച്ച് നേപ്പാളി ബാലന്‍

ഇത് ആലുവയിലെ റിംപോച്ചെ; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ മലയാളം പഠിച്ച് നേപ്പാളി ബാലന്‍

നാട്ടിലേക്ക് മടങ്ങാന്‍ തടസങ്ങള്‍ നേരിട്ടതോടെയാണ് നേപ്പാളുകാരനായ കൃഷ്ണ ബഹദൂര്‍ ഗര്‍ത്തി മലയാളം പഠിക്കാന്‍ തുടങ്ങിയത്. ഒന്‍പത് വയസസുള്ള കൃഷ്ണ ഇപ്പോള്‍ ആലുവയിലെ ഓടമ്പള്ളി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ആലുവയിലെ കീഴ്മാടാണ് ജനിച്ചതെങ്കിലും അധികം വൈകാതെ അമ്മയോടൊപ്പം സ്വദേശമായ നേപ്പാളിലേക്കുമടങ്ങിയിരുന്നു കൃഷ്ണ ബഹദൂര്‍ ഗര്‍ത്തി. പിന്നീട് പിതാവിനെ കാണാന്‍ വീണ്ടും ആലുവയിലെ പാണാവള്ളിയിലെത്തി. അടച്ചിടല്‍ നീണ്ടതോടെ നേപ്പാളിലേക്കുള്ള മടക്കം മുടങ്ങി. ഒടുവില്‍, കുട്ടിയെ കേരളത്തില്‍ പഠിപ്പിക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു രക്ഷിതാക്കള്‍.

കുട്ടിയെ മലയാളഭാഷയോട് അടുപ്പിക്കാനാണ് അധ്യാപകരുടെ ശ്രമം. ഇവിടുത്തെ സാഹചര്യങ്ങളോട് ഇണങ്ങി ജീവിക്കുന്നതിനുള്ള ഭാഷാപരിജ്ഞാനമാണ് ആദ്യം നല്‍കുന്നത്. അടച്ചിടല്‍ കാലത്ത് കുട്ടിയുടെ വീട്ടില്‍പ്പോയി അധ്യാപകര്‍ പരിശീലനം നല്‍കിയിരുന്നു. വീട് കണ്‍ടെയ്ന്‍മെന്റ് സോണിലായപ്പോള്‍ പരിശീലനം ഓണ്‍ലൈനിലാക്കി.

മലയാള ഭാഷ വരുതിയിലാക്കാന്‍ വ്യത്യസ്ത രീതിയിലാണ് പരിശീലനം. അതില്‍ പാവനാടകം വരെ ഉള്‍പ്പെടുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് കഥയും കവിതയും പാട്ടും പാവകളിയുമായി പഠനം തുടരുകയാണ് കൃഷ്ണ ബഹദൂറിപ്പോള്‍. ആദ്യമാദ്യം മലയാളഭാഷ പറയാനായിരുന്നു പരിശീലനമെങ്കില്‍ ഇപ്പോള്‍ അക്ഷരമാല എഴുതലും മറ്റുമായി.