Home അറിവ് വാട്‌സ്ആപ് ഉപയോഗിക്കണമെങ്കില്‍ ഇനി യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ നല്‍കണമെന്നില്ല; ഇങ്ങനെ ചെയ്താല്‍ മതി

വാട്‌സ്ആപ് ഉപയോഗിക്കണമെങ്കില്‍ ഇനി യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ നല്‍കണമെന്നില്ല; ഇങ്ങനെ ചെയ്താല്‍ മതി

സ്വകാര്യത നഷ്ടപ്പെടുന്നത് ആര്‍ക്കും സഹിക്കാനാകുന്ന കാര്യമല്ല. നമ്മുടെ സ്വകാര്യതയ്ക്ക് ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന മേഖലയാണ് സോഷ്യല്‍ മീഡിയ. അതുകൊണ്ട് തന്നെ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ സ്വകാര്യ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഏതുമാര്‍ഗവും സ്വീകരിക്കും. പ്രത്യേകിച്ച് സുരക്ഷാവീഴ്ച സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍.

ഇപ്പോള്‍ യഥാര്‍ഥ നമ്പര്‍ ഉപയോഗിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഇതിന് വാട്സ്ആപ്പ് സാങ്കേതികവിദ്യ പരിഷ്‌കരിച്ചിട്ടുണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന്, ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വിര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും വാട്സ്ആപ്പ് ഉപയോഗിക്കാം. വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ സൗജന്യമായി കണ്ടെത്താനാകും. മാത്രമല്ല വാട്‌സ്ആപ്പിനായി ഒരു തവണ സൈന്‍ അപ്പ് ചെയ്താലും മതിയാകും.

ഏത് സാധാരണ നമ്പറും പോലെ ഈ വിര്‍ച്വല്‍ നമ്പറിനൊപ്പം വാട്സ്്ആപ്പ് ഉപയോഗിക്കാം. യഥാര്‍ഥ മൊബൈല്‍ നമ്പര്‍ പങ്കിടാതിരിക്കുന്നത് സ്വകാര്യത ഉറപ്പാക്കുന്നു. വിര്‍ച്വല്‍ ഫോണ്‍ നമ്പര്‍ പ്രൊവൈഡേഴ്‌സ് ധാരാളം ഉണ്ട്. ഇത്തരത്തില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടെക്സ്റ്റ്‌നൗ.

ആദ്യം ഫോണില്‍ ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഇതിലൊരു സൗജന്യ അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്ത ശേഷം, യുഎസും കാനഡയും അടിസ്ഥാനമാക്കി അഞ്ച് സൗജന്യ ഫോണ്‍ നമ്പറുകളുടെ ഒരു ലിസ്റ്റ് ലഭിക്കും. ഇഷ്ടപ്പെടുന്ന ഏത് നമ്പറും തെരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ കഴിയും. ഈ വിര്‍ച്വല്‍ നമ്പര്‍ ഉപയോഗിച്ച് കോളുകള്‍ വിളിക്കാനും ഇന്റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ സ്വീകരിക്കാനും കഴിയും.

തുടര്‍ന്ന് വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഫോണില്‍ ഇതിനകം തന്നെ വാട്സ്്ആപ്പ് ഉണ്ടെങ്കില്‍ ആദ്യം അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. വാട്സ്ആപ്പ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രാജ്യത്തിന്റെ കോഡ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്കോ കാനഡയിലേക്കോ മാറ്റുക. പിന്നീട് വെര്‍ച്വല്‍ നമ്പര്‍ നല്‍കുക. ഈ വെര്‍ച്വല്‍ ഫോണ്‍ നമ്പറിലേക്ക് സുരക്ഷാ ഒടിപി മെസേജ് ലഭിക്കില്ല എന്ന കാര്യം മറക്കരുത്.

ഒടിപി സമയം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുക. തുടര്‍ന്ന് ഒടിപി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു മിസ്ഡ് കോള്‍ ലഭിക്കും, കൂടാതെ ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനില്‍ നിങ്ങളുടെ വോയിസ്‌മെയിലില്‍ ഒരു പുതിയ സന്ദേശം പോപ്പ് അപ്പ് ചെയ്യും. ഇതൊരു ഓഡിയോ സന്ദേശമാണ്, നിങ്ങളുടെ വാട്സ്്ആപ്പ് സ്ഥിരീകരണ കോഡ് അറിയാന്‍ ഇത് പ്ലേ ചെയ്യുക. കോഡ് ലഭിച്ചുകഴിഞ്ഞാല്‍, വാട്‌സാപ്പില്‍ ഇത് നല്‍കി പതിവുപോലെ തുടരുക.