Home അറിവ് നോമിനി ഇല്ലെങ്കില്‍ നിക്ഷേപം വഴിയാധാരമാകും; നോമിനി ക്ലെയിം സമര്‍പ്പിക്കുന്നത് ഇങ്ങനെ

നോമിനി ഇല്ലെങ്കില്‍ നിക്ഷേപം വഴിയാധാരമാകും; നോമിനി ക്ലെയിം സമര്‍പ്പിക്കുന്നത് ഇങ്ങനെ

നിങ്ങളുടെ നിക്ഷേപങ്ങള്‍ നിങ്ങളുടെ മരണശേഷം യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കണമെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നോമിനേഷന്‍ സമയത്ത് നല്‍കിയിരിക്കണം. അല്ലാത്ത പക്ഷം ഒരുപാട് നാളത്തെ നിക്ഷേപകങ്ങള്‍ ആര്‍ക്കും ഉപകരിക്കാതെ നഷ്ടപ്പെടും.

ബാങ്കിലോ മ്യൂച്വല്‍ ഫണ്ടിലോ പോസ്റ്റ് ഓഫിസിലോ നിക്ഷേപം തുടങ്ങുമ്പോഴും ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോഴും നോമിനി ആരെന്ന ചോദ്യം നിര്‍ബന്ധമായും ഉണ്ടായിരിക്കും. എന്നാല്‍, നോമിനിയുടെ പ്രാധാന്യം മനസിലാക്കാതെയാണു പലരും നോമിനിയെ നിശ്ചയിക്കുക.

വില്‍പത്ര പ്രകാരമോ നിയമപരമായ അവകാശിയോ ആണെങ്കിലേ നോമിനിക്ക് നിക്ഷേപത്തില്‍ അവകാശമുള്ളൂ. അല്ലാത്തപക്ഷം നോമിനി നിക്ഷേപത്തിന്റെ കെയര്‍ടേക്കറും ട്രസ്റ്റിയും മാത്രമാണ്. നിക്ഷേപകന്റെ അഭാവത്തില്‍ സ്ഥാപനത്തില്‍നിന്നു നിക്ഷേപം കൈപ്പറ്റി നിയമപരമായ അവകാശിക്കു കൈമാറുക എന്നതു മാത്രമാണ് നോമിനിയുടെ ഉത്തരവാദിത്തം.

നിക്ഷേപകന്റെ അഭാവത്തില്‍ യഥാര്‍ഥ അവകാശി/അവകാശികള്‍ക്ക് നിക്ഷേപം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്നതാണ് നോമിനിയുടെ ദൗത്യം. എന്നാല്‍ പിപിഎഫ്, കമ്പനികളിലെ ഓഹരി, ഡിബഞ്ചറുകള്‍ എന്നിവയില്‍ നോമിനികള്‍ക്ക് മറ്റു നിക്ഷേപങ്ങളില്‍നിന്നു വ്യത്യസ്തമായി നിക്ഷേപത്തിന് ഉടമസ്ഥാവകാശം തന്നെ ലഭിക്കുന്നുമുണ്ട്.

നിക്ഷേപകന്‍ ഇല്ലാതായാല്‍ നോമിനി നിക്ഷേപസ്ഥാപനം ആവശ്യപ്പെടുന്ന േരഖകള്‍ സഹിതം അപേക്ഷിക്കണം. നിക്ഷേപകന്റെ മരണസര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട പാസ്ബുക്ക്/ നിക്ഷേപക രസീത്/പോളിസി സര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ കെവൈസിേരഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സത്യവാങ്മൂലം തുടങ്ങിയവ നല്‍കണം. നോമിനിയെ നല്‍കാതെ നിക്ഷേപകന്‍ മരണപ്പെട്ടാല്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്, വില്‍പത്രം, ഇന്‍ഡമിനിറ്റി ബോണ്ട്, സത്യവാങ്മൂലം തുടങ്ങിയവയെല്ലാം അടക്കം അപേക്ഷ നല്‍കിയേ നിക്ഷേപം തിരികെ കിട്ടൂ.

തന്റെ അഭാവത്തില്‍ ആര്‍ക്കു നിക്ഷേപം ലഭിക്കണം എന്നത് അനുസരിച്ചാകണം നോമിനിയെ നിര്‍ദേശിക്കാന്‍. വില്‍പത്രവും നോമിനേഷനും ഒരുപോലെയായാല്‍ ഏറ്റവും നല്ലത്. വില്‍പത്രം ഉണ്ടെങ്കില്‍ അതു പ്രകാരമാകും അവകാശം.

നോമിനിയുടെ പേര്, വിലാസം എന്നിവ വ്യക്തവും കൃത്യവുമായി നിക്ഷേപവേളയില്‍ നല്‍കണം. െൈകവസി രേഖകളിലും ഇതു സമാനമാകണം. ഒന്നില്‍ കൂടുതല്‍ നോമിനികളുണ്ടെങ്കില്‍ ഓരോരുത്തരുടെയും വിഹിതം ശതമാനം സഹിതം നല്‍കുക. നോമിനിയെ മാറ്റണമെങ്കില്‍ അപേക്ഷ പ്രകാരം മാറ്റാവുന്നതാണ്.

നോമിനിയുടെ കെവൈസി രേഖകളിലെ മാറ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. നോമിനി മരണപ്പെട്ടാല്‍ പുതിയ ആളെ നിര്‍ദേശിക്കാം. ഓരോ നിക്ഷേപത്തിലെയും നോമിനിയെ സംബന്ധിച്ച വിവരങ്ങള്‍ പ്രിയപ്പെട്ടവര്‍ അറിഞ്ഞിരിക്കണം. എങ്കിലേ ആവശ്യഘട്ടത്തില്‍ ഈ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടൂ. അവകാശികളായ ഏറ്റവുമടുത്ത കുടുംബാംഗങ്ങളെ തന്നെ നോമിനിയാക്കുന്നതാണ് നല്ലത്